ഓരോ 16-ാമത്തെ ഒഴിവും മാറ്റിവയ്ക്കും, ജോലി വേണ്ടാത്തവർക്ക് സമാശ്വാസധനം; ആശ്രിത നിയമനത്തിൽ സർക്കാർ വ്യക്തത വരുത്തി
തിരുവനന്തപുരം: ആശ്രിത നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ നിർദേശങ്ങൾ പരിഗണിച്ചാണ് സർക്കാർ നടപടി. ആശ്രിത നിയമനം വേണ്ടാത്തവർക്ക് സമാശ്വാസധനം നൽകുന്നതടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ വ്യക്തത വരുത്തിയത്. 2025 മാർച്ച് മാർച്ച് 29-നു മുൻപ് മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസധനത്തിന് അർഹതയുണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
സമാശ്വാസധനം വേണ്ടെന്നും അർഹരായവർക്ക് മുഴുവൻ നിയമനം നൽകണമെന്നുമുള്ള പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. ഈ കലണ്ടർ വർഷം മുതൽ ഓരോ പതിനാറാമത്തെ ഒഴിവും ആശ്രിതനിയമനത്തിന് മാറ്റിവെക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ നിർദേശത്തിലുണ്ട്.
നിയമനത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരും. ഇതിനുശേഷം വകുപ്പുകൾ എല്ലാ ഒഴിവുകളും പൊതു ഭരണ വകുപ്പിൽ റിപ്പോർട്ട് ചെയ്യണം. ഏകീകൃത സംവിധാനം നിലവിൽ വന്നാൽ പൊതുഭരണവകുപ്പ് അനുവദിക്കുന്ന ഒഴിവുകളിൽ മാത്രമേ നിയമനം നൽകാനാവൂ.
നിയമനത്തിന് ഒഴിവുകൾ കിട്ടാത്ത പക്ഷം അക്കാര്യം വകുപ്പുകൾ പൊതുഭരണ വകുപ്പിൽ രജിസ്റ്റർ ചെയ്യണം. പൊതുസംവിധാനം നിലവിൽവരുന്നതുവരെ നേരത്തേയുള്ള അപേക്ഷകർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ അഞ്ചു തസ്തികകളിലൊന്ന് തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നതാവും.