സ്‌കൂൾ കുട്ടികളെകൊണ്ട് അധ്യാപികർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

 
Kerala

സ്‌കൂൾ കുട്ടികളെക്കൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്റ്റർക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി

കാസർഗോഡ്: സ്‌കൂൾ വിദ്യാർഥികളെക്കൊണ്ട് അധ്യാപികർക്ക് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെയും പരാതികളുടേയും അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷന്‍, ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദേശിച്ചു.

കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് കാസർഗോഡ് തന്നെയുള്ള തൃക്കരിപ്പൂർ ചക്രപാണി സ്‌കൂൾ, ചീമേനി വിവേകാനന്ദ സ്‌കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും സമാനമായി പാദപൂജ നടന്നെന്ന വിവരം പുറത്തുവന്നത്.

കണ്ണൂരിലെയും ആലപ്പുഴ മാവേലിക്കര സ്‌കൂളുകളിലും പാദപൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം, വ്യാഴാഴ്ച ഗുരുപൂർണിമയുടെ ഭാഗമായി കുട്ടികൾ അനുഗ്രഹം വാങ്ങിക്കുക മാത്രമാണ് ചെയ്തത് എന്നാണ് സ്‌കൂളുകളുടെ വിശദീകരണം. സ്‌കൂളിൽ നടന്ന ചടങ്ങിൽ, വിരമിച്ച മുപ്പതോളം അധ്യാപകരുടെ കാൽ വിദ്യാർഥികളെക്കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുകയായിരുന്നു. ഭാരതീയ വിദ്യാനികേതന്‍റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലാണ് സംഭവമുണ്ടായത്.

ഇതിനിടെ, വാർത്ത അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഈ സ്‌കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്റ്റർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാർഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്