പി.വി. അൻവർ
കൊച്ചി: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പ് കേസിൽ മുൻ എംഎൽഎ പി.വി. അൻവർ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഇഡിയ്ക്ക് മുന്നിൽ ഹാജരാവില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി ഹാജരാവാൻ മറ്റൊരു ദിവസം തേടുകയായിരുന്നു. തുടർന്ന് ജനുവരി ഏഴിന് ഹാജരാകാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു.
കെഎഫ്‍സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പാ ദുരുപയോഗം നടത്തിയതായ കണ്ടെത്തലിനെ തുടർന്നാണ് നടപടി. അൻവറിന്‍റെ ഡ്രൈവറിന്‍റെയും ബന്ധുക്കളുടെയും പേരുകളിലുള്ള ബെനാമി സ്ഥാപനങ്ങൾക്കാണ് കെഎഫ്‍സിയിൽ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചതായാണ് കണ്ടെത്തൽ. ഒരേ വസ്തു തന്നെ പണയം വച്ച് വിവിധ ഘട്ടങ്ങളിലായി ലോൺ അനുവദിക്കുകയായിരുന്നു.
കെഎഫ്സിയിൽ നിന്നെടുത്ത വായ്പകൾ പിവിആർ ടൗൺഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ അൻവറിന്‍റെ ബെനാമികളെയടക്കം കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അൻവറിന് സമൻസയച്ചത്.