പറന്നുയരുന്ന വിനോദ സഞ്ചാരമേഖല; ചിറകായി കിഫ്ബി
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ധർമടം. ധർമടം തുരുത്തും മുഴപ്പിലങ്ങാട് ബീച്ചും മുതൽ അനവധി മനോഹരമായ ഇടങ്ങളാണ് ധർമടത്ത് സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള പദ്ധതികളിലൂടെ ധർമടത്തെ വിനോദസഞ്ചാര മേഖല പുതിയ മുഖം സ്വന്തമാക്കിയിരിക്കുകയാണ്. കിഫ്ബി ഫണ്ടാണ് ഇവയുടെയെല്ലാം അടിസ്ഥാന ശില. ധർമടം മണ്ഡലത്തിൽ വിവിധയിടങ്ങളിലായി നടക്കുന്ന പദ്ധതികൾക്കായി 61.92 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം അടക്കം ഉൾപ്പെട്ടിട്ടുണ്ട്.
അണ്ടല്ലൂർക്കാവ് പൈതൃക ടൂറിസം പദ്ധതിയാണ് ഇതിൽ പ്രധാനം. ഇതിനായി 1.69 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമാണ് അണ്ടല്ലൂർക്കാവ് തീർഥാടന പദ്ധതി. ചുറ്റമ്പലം , മേൽക്കൂര, ലൈറ്റിങ്, സ്ട്രീറ്റ് ഡെവലപ്മെന്‍റ് , മുഖ്യ കവാട വികസനം, ഫയർ അലാം, സെക്യൂരിറ്റി ക്യാമറ എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
മുഴപ്പിലങ്ങാട് ബീച്ചാണ് മറ്റൊന്ന്. 233.71 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ബീച്ച് ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം ബീച്ച് , ധർമ്മടം തുരുത്ത് എന്നിവയുടെ സമഗ്ര ടൂറിസം വികസന പദ്ധതി കേരളത്തിന്‍റെ ബീച്ച് ടൂറിസം മേഖലയ്ക്ക് കരുത്തേകും. വടക്ക് ഭാഗത്ത് നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, പാർക്കിങ്, കിയോസ്‌കുകൾ, ലാൻഡ്സ്‌കോപ്പിങ് എന്നിവ ഒരുക്കും.
വൈരീഘാതക ക്ഷേത്രം, മക്രേരി ക്ഷേത്രം, പെർളശേരി ക്ഷേത്രം എന്നിവയുടെ വികസന പദ്ധതികളും നടന്നു വരുകയാണ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തീർഥാടന ടൂറിസം വർധിപ്പിക്കാനാണ് ലക്ഷ്യം.