കാടു പിടിച്ച നിലയിൽ എറണാകുളം ഓൾഡ് റെയ്ൽവേ സ്റ്റേഷൻ കെട്ടിടം.
ചിത്രം: മനു ഷെല്ലി
## ജിബി സദാശിവൻ
കൊച്ചി: 100 വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 1925 മാർച്ച് 8. അന്നാണ് കൊച്ചിയുടെ മണ്ണിൽ മഹാത്മാ ഗാന്ധി ആദ്യമായി കാൽകുത്തിയത്. ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച ഓൾഡ് റെയ്ൽവെ സ്റ്റേഷൻ ഇന്ന് അവഗണനയുടെ നടുവിലാണ്. ഗാന്ധിജിയുടെ ആദ്യ സന്ദർശനത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴും ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടേണ്ട, പുതു തലമുറകൾക്ക് ഒട്ടേറെ അറിവ് പകർന്ന് നൽകേണ്ട സംരക്ഷിത സ്‌ഥലമാണ് നഗരമധ്യത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നത്.
എറണാകുളം നഗരത്തിന്‍റെ ശ്വാസകോശമായ മംഗളവനത്തോടു ചേർന്നുകിടക്കുന്ന ശാന്തസുന്ദരമായ സ്ഥലത്താണ് ഓൾഡ് റെയ്ൽവേ സ്റ്റേഷൻ. ഇന്നത് പാമ്പുകളുടെ വിഹാരകേന്ദ്രമാണ്. തെരുവു നായകളും സാമൂഹ്യ വിരുദ്ധരുമാണ് നിറയെ. സാമൂഹ്യവിരുദ്ധരെ പേടിച്ച് ഗേറ്റ് അടച്ചുപൂട്ടിയിട്ടിരിക്കുന്നു. ആ പ്രദേശം ആരെയും പേടിപ്പെടുത്തുന്ന പ്രേതാലയം കണക്കെ അനാഥമായി കിടക്കുന്നു. ഗാന്ധിജിയുടെ സന്ദർശനത്തിന്‍റെ ശതാബ്ദി ആഘോഷിക്കുന്ന ഈ സമയത്തു പോലും ആ പരിസരമൊന്ന് വൃത്തിയാക്കാൻ നഗരസഭയോ റെയ്ൽവേയോ സർക്കാരോ തയാറായിട്ടില്ല.
എറണാകുളം ബോട്ട് ജെട്ടിയിലും ഫോർട്ട് കൊച്ചി കടപ്പുറത്തും ഗാന്ധിജി പ്രസംഗിച്ചതിന്‍റെ ശതാബ്ദി കൂടിയാണിന്ന്. രാജ്യമാകെ സ്വാതന്ത്ര്യ സമരാവേശം കത്തിപ്പടരുന്ന കാലത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ കൂടിയായിരുന്ന ഗാന്ധിജി കൊച്ചിയിലെത്തിയത്. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു അന്ന് കൊച്ചി. വൈകിട്ട് മൂന്നരയ്ക്കാണ് ആവേശത്തോടെ കാത്തുനിന്ന ജനസമുദ്രത്തിലേക്ക് ഗാന്ധിജി വന്നിറങ്ങിയത്. പുഷ്പവൃഷ്ടികളോടെയും ആരവങ്ങളോടെയുമാണ് അദ്ദേഹത്തെ വരവേറ്റത്.
ഓൾഡ് റെയ്ൽവേ സ്റ്റേഷനിൽ നിന്ന് ഗാന്ധിജി നേരെ പോയത് റെയ്ൽവേ ബംഗ്ലാവിലേക്കാണ്. അവിടെ നിന്ന് മോട്ടോർ കാറിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ബോട്ട് ജെട്ടിയിലേക്ക്. ജെട്ടിയോട് ചേർന്നുള്ള കൽത്തറയ്ക്ക് മുകളിൽ കയറി നിന്ന് ഗാന്ധിജി സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. പിന്നീട് ലക്ഷ്മി എന്ന ബോട്ടിൽ ഫോർട്ട് കൊച്ചിയിലേക്ക്. അവിടെ കമാലക്കടവ് ജെട്ടിയിലിറങ്ങി. മൺകൂനയുണ്ടാക്കി അതിനു മുകളിൽ മൂന്നു വള്ളങ്ങൾ കയറ്റിവച്ച് അതിൽ തട്ടുണ്ടാക്കിയാണ് വേദിയൊരുക്കിയത്. തൊട്ടടുത്ത ദിവസം, മാർച്ച് 9നും ഗാന്ധിജി കൊച്ചിയിൽ തങ്ങി.
ഗാന്ധിജി ആദ്യമായി കൊച്ചിയിൽ വന്നിറങ്ങിയ ഓൾഡ് റെയ്ൽവേ സ്റ്റേഷൻ സംരക്ഷിത സ്മാരകം ആക്കണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. അവിടേയ്ക്ക് കൊച്ചി സബർബൻ ട്രെയ്ൻ സർവീസ് ആരംഭിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും മുന്നോട്ടുപോയില്ല. നിരവധി ബദൽ പദ്ധതികൾ പല സംഘടനകളും ജനപ്രതിനിധികളും മുന്നോട്ടുവച്ചെങ്കിലും ഒന്നും ഇതേവരെ നടപ്പായിട്ടില്ല.