തൊഴുപുഴ: ഇടുക്കി പ്രസ് ക്ലബിന്‍റെ 17-ാമതു കെ.പി. ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിനു മെട്രൊ വാര്‍ത്ത അസോസിയേറ്റ് എഡിറ്റര്‍ എം. ബി. സന്തോഷ് അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാറുന്ന പ്രകൃതി, മാറേണ്ട നമ്മള്‍ എന്ന വാര്‍ത്താ പരമ്പരയ്ക്കാണ് അവാര്‍ഡ്. മികച്ച വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗിനായിരുന്നു ഇത്തവണ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്.
10,001 രൂപയും പ്രശംസാപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് 11നു രാവിലെ 11.30 നു പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് സമ്മാനിക്കും. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി വി.ആര്‍. രാജ്‌മോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ റ്റി.സി മാത്യു, രാജു മാത്യു, വി. ആര്‍. രാജ്‌മോഹന്‍ എന്നിവരായിരിന്നു വിധി കര്‍ത്താക്കള്‍.
എം.ബി.സന്തോഷ് കഴിഞ്ഞ മാസം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ വികസനോന്മുഖ മാധ്യമ അവാര്‍ഡിനും അര്‍ഹനായിരുന്നു. തുടര്‍ച്ചയായി നാലുപ്രാവശ്യം കേരള നിയമസഭയുടെ മാധ്യമ പുരസ്‌കാരം, വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ്, പരിസ്ഥിതി മാധ്യമ പുരസ്‌കാരം, സംസ്ഥാന ജൈവ വൈവിധ്യ പുരസ്‌കാരം എന്നിവയ്ക്കും അര്‍ഹനായിട്ടുണ്ട്.
സ്വദേശാഭിമാനി, പാമ്പന്‍ മാധവന്‍, ഫാ. കൊളംബിയര്‍, എം. ആര്‍. മാധവ വാര്യര്‍, റീജ ന്‍റ് റാണി, എന്‍. നരേന്ദ്രന്‍, എം. ശിവറാം എന്നിവരുടെ പേരിലുള്‍പ്പെടെ ഒരു ഡസനിലേറെ പ്രമുഖ മാധ്യമ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പാല്‍ക്കുളങ്ങര ശ്രീരാഗത്തില്‍ പരേതനായ കെ.മാധവന്‍പിള്ള-കെ.ബേബി ദമ്പതികളുടെ മകനാണ്. ഗവ.മെഡിക്കല്‍ കോളേജില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റായ എല്‍. പ്രലീമയാണ് ഭാര്യ. ഗവ. ആയുര്‍വേദ കോളേജിലെ ഹൗസ് സര്‍ജന്‍ ഡോ.എസ്.പി.ഭരത്, തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ ഗവ.എന്‍ജിനിയറിംഗ് കോളജിലെ മൂന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി എസ്.പി. ഭഗത് എന്നിവരാണ് മക്കള്‍. പൂര്‍ണ ഉറൂബ് നോവല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ആടുകഥ ഉള്‍പ്പെടെ 10 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിഡന്‍റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ ആല്‍വിന്‍ തോമസ്, വൈസ് പ്രസിഡന്‍റ് പി.കെ. ലത്തീഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.