തിരുവനന്തപുരം: ഓൺലൈൻ ബസ് ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെഡ്ബസ്, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ പങ്കാളിത്തത്തോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. യാത്രക്കാർക്ക് കേരളത്തിനകത്തുള്ള റൂട്ടുകളിലും കേരളത്തിൽ നിന്ന് കർണാടക, തമിഴ്നാട് എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിലും മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ ബസ് ബുക്കിങ് ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും.
പുതിയ ഉപയോക്താക്കൾക്ക് ബസ് ടിക്കറ്റിന് കിഴിവും റെഡ്ബസ് പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി പ്ലാറ്റ് ഫോമുകൾക്ക് പുറമേ റെഡ് ബസിന്‍റെ മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. കെഎസ്ആർടിസിയുടെ എണ്ണൂറിലധികം ബസ് സർവീസുകൾ ഇപ്പോൾ റെഡ്ബസിൽ ഓൺലൈൻ ബുക്കിങ്ങിനായി ലഭ്യമാണ്.
സ്വിഫ്റ്റ്-ഗജരാജ് മൾട്ടി ആക്‌സിൽ വോൾവോ എസി സ്ലീപ്പർ ബസുകൾ, എസി മൾട്ടി ആക്‌സിൽ ലോവർ ഫ്‌ളോർ എസി, സൂപ്പർ ഡീലക്‌സ് എയർ ബസ്, മിന്നൽ സൂപ്പർ ഡീലക്‌സ് എയർ ബസ്, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ്-ഹൈബ്രിഡ് നോൺ എസി സീറ്റർ കം സ്ലീപ്പർ, സ്വിഫ്റ്റ് ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ, സ്വിഫ്റ്റ്-ഡീലക്സ് എയർ ബസ്, സൂപ്പർ എക്സ്പ്രസ് എയർ ബസ്, സ്വിഫ്റ്റ്-ഗരുഡ എസി സീറ്റർ ബസ്, സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങി കെഎസ്‌ആർടിസിയിലെ എല്ലാ വിഭാഗത്തിലുള്ള ബസുകളും റെഡ്ബസ് വഴി ബുക്ക് ചെയ്യാം.
യാത്രക്കാർക്ക് ബുക്കിങ് കൂടുതൽ എളുപ്പമാക്കുന്നതിനാണ് കൂടുതൽ പ്ലാറ്റ്‌ഫോമുകളിലൂടെ സേവനങ്ങൾ എത്തിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു.