കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെതിരായ ഹർജി പിൻവലിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. കെ. സുരേന്ദ്രനെതിരായ റിവിഷൻ ഹർജിയാണ് സർക്കാർ പിൻവലിക്കുക. ശേഷം സെഷൻസ് കോടതി വിധിക്കെതിരേ അപ്പീൽ നൽകാനാണ് സർക്കാരിന്‍റെ നീക്കം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്‌പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ 2.50 ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നതുമാണ് കേസ്.
എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയാണെന്നും ആരോപിച്ച് സുരേന്ദ്രനും മറ്റു 5 പ്രതികളും 2023 സെപ്റ്റംബറില്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും കേസ് നിലനില്‍ക്കില്ലെന്ന പ്രതികളുടെ വാദം സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു.