ജിബി സദാശിവൻ
കൊച്ചി: സംസ്ഥാനത്തെ ആർടിഒ ഓഫിസുകളിൽ ആൾക്ഷാമവും സോഫ്റ്റ്വെയർ തകരാറും മൂലം പ്രവർത്തനങ്ങൾ സ്തംഭിക്കുന്നു. എഐ ക്യാമറകൾ കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ നോട്ടീസ് അയക്കുന്നത് പോലും മൂന്ന് മാസമായി മുടങ്ങി. മൊബൈൽ ഫോണിൽ മെസേജ് ലഭിച്ചവർ പിഴയടച്ചിട്ടും വീണ്ടും നോട്ടീസ് വരുന്നതടക്കമുള്ള പരാതികളും ഉയരുന്നു.
ആർടി ഓഫിസുകളിലെ കംപ്യൂട്ടറുകൾ പലതും ഓണായി വരാൻ തന്നെ മണിക്കൂറുകൾ എടുക്കുന്ന അവസ്ഥയാണ്. സോഫ്റ്റ്വെയർ ആകട്ടെ സ്ഥിരം പണിമുടക്കും. ഇതോടെ ഓഫിസുകളുടെ പ്രവർത്തനം അവതാളത്തിലായി. ഏകദേശം 9 ലക്ഷം അപേക്ഷകളാണ് ഡ്രൈവിങ് ലൈസൻസിനായും വാഹനങ്ങളുടെ ആർസിക്കായും റീജ്യണൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും സബ് ആർടി ഓഫിസുകളിലും കെട്ടിക്കിടക്കുന്നത്. ഇത് വിതരണം ചെയ്യുന്നതിന് ആവശ്യമായ ജീവനക്കാർ ഒരു ഓഫിസിലുമില്ല. നവംബർ മാസം മുതൽ ലൈസൻസും ആർസി ബുക്കുകളും നൽകുന്നത് മുടങ്ങിക്കിടക്കുകയാണ്.
അപേക്ഷകരിൽ നിന്ന് ഫീസ് വാങ്ങിയെങ്കിലും പോസ്റ്റൽ വകുപ്പിനും ലൈസൻസും ആർസി ബുക്കും പ്രിന്റ് ചെയ്ത ഏജൻസിക്കുമുള്ള കുടിശിക നല്കാൻ മോട്ടോർ വാഹന വകുപ്പ് വീഴ്ച വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഡെലിവറി ചാർജ് ഇനത്തിൽ ഏതാണ്ട് മൂന്ന് കോടി രൂപയാണ് പോസ്റ്റൽ വകുപ്പിന് മോട്ടോർ വാഹന വകുപ്പ് നൽകാനുള്ളത്. ലൈസൻസും ആർസി ബുക്കും പിവിസി പ്രിന്റ് ചെയ്ത കൊച്ചിയിലെ സ്ഥാപനത്തിന് 8 കോടി രൂപയാണ് വകുപ്പ് നൽകാനുള്ളത്.
ലൈസൻസിനും ആർസിക്കും അപേക്ഷാ ഫീസ് അടച്ച് കാത്തിരിക്കുന്നവർക്ക് നേരിട്ട് ഓഫിസുകളിൽ എത്തി രേഖകൾ കൈപ്പറ്റാമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച ഉത്തരവുകൾ ആർടി ഓഫിസുകളിൽ ലഭിച്ചിട്ടില്ല. മാത്രമല്ല, അപേക്ഷകർക്ക് ഇവ നൽകാനുള്ള ആൾബലം നിലവിൽ വകുപ്പിനില്ല. 15 ഉദ്യോഗസ്ഥർക്കാണ് നിലവിൽ ലൈസൻസും ആർസിയും വിതരണം ചെയ്യുന്നതിനുള്ള മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. എന്നാൽ 9 ലക്ഷം അപേക്ഷകർ കാത്തിരിക്കുമ്പോൾ ഈ 15 ഉദ്യോഗസ്ഥർ എന്ത് ചെയ്യാനാണെന്നാണ് എംവിഡി ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
ആർസിക്കായി 200 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജും, ലൈസൻസിനായി 120 രൂപ ഫീസും 45 രൂപ പോസ്റ്റൽ ചാർജും എന്നിങ്ങനെയാണ് എംവിഡി മുൻകൂറായി ഈടാക്കിയിരുന്നത്. എല്ലാ ചെലവും കഴിഞ്ഞ് 100 രൂപ സർക്കാരിന് ഇതിൽ നിന്ന് ലാഭം ലഭിക്കുന്നുണ്ട്.
രേഖകൾ ലഭിക്കുന്നത് വൈകാൻ തുടങ്ങിയതോടെ ഭൂരിഭാഗം അപേക്ഷകരും ഓട്ടോമൊബൈൽ കൺസൾട്ടന്റുമാരെ ആശ്രയിക്കാൻ തുടങ്ങി. രേഖകൾ എത്രയും വേഗം ലഭിക്കുന്നതിനായി 9 ലക്ഷം അപേക്ഷകരും ഒന്നിച്ച് ആർടി ഓഫിസുകളിൽ എത്തിയാലുള്ള സ്ഥിതിയെ കുറിച്ചുള്ള ആശങ്കയിലാണ് മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ.
ടെലഫോൺ ബിൽ കുടിശികയായതിനെ തുടർന്ന് ഈ മാസമാദ്യം ഔദ്യോഗിക സെൽ ഫോണുകൾ സർവീസ് പ്രൊവൈഡർ വിച്ഛേദിച്ചതിനെ തുടർന്ന് ആർടി ഓഫിസുകളുടെയും എൻഫോഴ്സ്മെന്റ് ആർടി ഓഫിസുകളുടെയും പ്രവർത്തനം രണ്ടാഴ്ചയോളം മുടങ്ങിയിരുന്നു. സ്റ്റാംപുകൾ വാങ്ങാനുള്ള പണമില്ലാത്തതിനാൽ പിഴ ചെല്ലാനുകൾ പോലും അയക്കാനാവാത്ത സ്ഥിതിയിലാണ് മോട്ടോർ വാഹന വകുപ്പ്. അതിനിടയ്ക്ക് കൈയടിക്ക് വേണ്ടിയുള്ള വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനങ്ങൾ കൂടിയാകുന്നതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് തലവേദന കൂടുകയാണ്.