മന്ത്രിമാരായ ആർ.ബിന്ദുവും, പി.രാജീവും ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു

 
Kerala

വിസി നിയമന തർക്കം; മന്ത്രിമാർ ഗവർണറെ കണ്ടു, നിലപാട് കടുപ്പിച്ച് ഗവർണർ

ചർച്ചയ്ക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടെന്ന് ഗവർണർ

Jisha P.O.

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ-സർക്കാർ തർക്കം തുടരുന്നതിനിടെ സമവായ ചർച്ചയ്ക്കായി മന്ത്രിമാർ ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ പി.രാജീവും, ആർ. ബിന്ദുവുമാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. വിട്ടുവീഴ്ചക്കില്ലെന്ന് ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളി.

താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ നിലപാടെടുത്തു. ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് ചോദിച്ചു.സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് മന്ത്രിമാർ സമവായത്തിനായി നേരിട്ട് ഗവർണറെ കണ്ടത്. ഒരു മണിക്കൂറിലധികം സമയം മന്ത്രിമാർ ലോക്ഭവനിൽ ചെലവഴിച്ചു. വി.സി നിയമന തർക്കത്തിൽ ഡോ.സിസ തോമസിനെ എതിർക്കുന്ന സർക്കാർ വാദങ്ങളെ തിരുത്തുന്ന നിലപാടാണ് ഗവർണർ സ്വീകരിച്ചത്.

ഡോ.സിസ തോമസ് മിടുക്കിയാണെന്ന് സർക്കാരിന് അറിയാമെന്ന് ഗവർണർ പറഞ്ഞു. ടെക്നോ പാർക്കിന്‍റെയും ഇൻഫോപാർക്കിന്‍റെയും സിഇഒയെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ സിസ തോമസിനെ സർക്കാർ അംഗമാക്കിയിരുന്നു. സർക്കാരിന്‍റെ ഐടി വകുപ്പിന്‍റെ സാങ്കേതിക ഉപദേശക സമിതിയിലും നയരൂപീകരണ ഉപസമിതിയിലും സിസ തോമസ് അംഗമായിരുന്നു. നല്ല അക്കാദമിക് പശ്ചാത്തലമുള്ള, മികച്ച വ്യക്തിയാണ് സിസ തോമസ് എന്ന് സർക്കാരിന് അറിയാമായിരുന്നിട്ടും എന്തിനാണ് എതിർക്കുന്നതെന്നും ഗവർണർ ചോദിച്ചു. അതേസമയം ഡിജിറ്റിൽ സർവകലാശാലയിലേക്ക് മുഖ്യമന്ത്രി നിർദേശിച്ച സജി ഗോപിനാഥിനെ എന്തുകൊണ്ട് എതിർക്കുന്നുവെന്നും ഗവർണർ വിശദീകരിച്ചു.

സജി ഗോപിനാഥിനെ കുറിച്ചുള്ള വിവരങ്ങളും രേഖകളും സഹിതം മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. എന്നാൽ വിഷയം രാഷ്ട്രീയവൽകരിക്കാൻ താൽപ്പര്യമില്ലാത്തത് കൊണ്ടാണ് വിവരങ്ങൾ പരസ്യപ്പെടുത്താനോ കോടതിയിൽ വിശദീകരിക്കാനോ തയ്യാറാക്കാത്തതെന്നും ഗവർണർ പറഞ്ഞു. വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ പട്ടികയിൽ നിന്ന് തന്നെ നിയമനം നടത്തണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം.

തർക്കം തുടരുന്നതിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാങ്കേതിക സർവകലാശാലയിലേക്ക് സി. സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി. ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ. സർക്കാർ വിഷയം സമവായത്തിലൂടെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ചർച്ചയുടെ വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കാനാവില്ല. കൂടിക്കാഴ്ച വിവരം കോടതിയുടെ ശ്രദ്ധയിലാണ് കൊണ്ടുവരുകയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രിമാർ പ്രതികരിച്ചു.

കേരളത്തിന് സുപ്രീംകോടതിയുടെ ശാസന; സത്യവാങ്മൂലം വൈകി ഫയൽ ചെയ്താൽ വൻ പിഴ

സയീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല; കോച്ചിനെ ബാറ്റുകൊണ്ട് മർദിച്ചു

മദ്യലഹരിയിൽ യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തു; യുവതി മരിച്ചു

സിൽക്ക് ആണെന്ന പേരിൽ നൽകിയത് പോളിസ്റ്റർ ദുപ്പട്ട; തിരുപ്പതി ക്ഷേത്രത്തിന് 54 കോടി രൂപയുടെ നഷ്ടം

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; ലുത്ര സഹോദരന്മാർക്കെതിരേ ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി