തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതടവില്ലാതെ തിമർത്തു പെയ്ത കാലവർഷം ശനിയാഴ്ചയോടെ ദുർബലമായി. സംസ്ഥാനത്ത് എവിടെയും ഞായറാഴ്ച പ്രത്യേക മുന്നറിയിപ്പുകളില്ല. ശനിയാഴ്ച ഇടവിട്ടുള്ള ചെറിയ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ബുധനാഴ്ചയോടെ കാലവർഷസ്റ്റ വീണ്ടും ശക്തിയാർജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ നിന്നു വെള്ളം പൂർണമായി ഇറങ്ങിയത് ജനങ്ങൾക്ക് ആശ്വാസമായി. മഴ കുറഞ്ഞെങ്കിലും മലയോരങ്ങളിൽ നിന്നും വെള്ളം ഒഴുകിയെത്തുന്നത് തുടരുന്ന കുട്ടനാട്ടിൽ മാത്രമാണ് വെള്ളപ്പൊക്ക ഭീഷണി നിലവിലുള്ളത്.
കാലവർഷം ശക്തമായ സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്താണ് കേരളം. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയ ഗോവയാണ് ഒന്നാം സ്ഥാനത്ത്.
അതേസമയം, കടൽക്ഷോഭ സാധ്യത നിലനിൽക്കുന്നതിനാൽ കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇനി ബുധനാഴ്ചയോടെയേ സംസ്ഥാനത്ത് കാലവർഷം സജീവമാകുകയുള്ളൂ. മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ബുധനാഴ്ച വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.