ഡോ. എം.പി. പരമേശ്വരൻ
തൃശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെതുടർന്ന് തൃശൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. 2 ദിവസം മുൻപാണ് പിറന്നാൾ ആഘോഷിച്ചത്.
തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി 18 നായിരുന്നു ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളെജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം, മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്ഡി 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.
1975മുതൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്‍റെ സജീവപ്രവർത്തകനായി. ഇടതുപക്ഷ സഹയാത്രികനായിരുന്ന ഇദ്ദേഹം നാലാം ലോക സിദ്ധാന്ത വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടു.
ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.