മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പിന് 27ന്‌ തറക്കല്ലിടും

 
Kerala

മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പിന് 27ന്‌ തറക്കല്ലിടും

നോട്ടീസ്‌ അവതരിപ്പിച്ച ടി. സിദ്ദീഖും വാക്കൗട്ട്‌ പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും പുനരധിവാസ കാര്യത്തിൽ കേന്ദ്ര സർക്കാർ കടുത്ത അവഗണനയാണ്‌ കാട്ടുന്നതെന്ന നിലപാടിനോട്‌ യോജിച്ചു

തിരുവനന്തപുരം: പ്രളയ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പിനായി ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകാമെന്നും 27ന്‌ തറക്കല്ലിട്ട്‌ നിർമാണം ആരംഭിക്കാമെന്നും റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.

ഇപ്പോൾ തയാറാക്കിയ ലിസ്റ്റുകൾ അന്തിമമല്ല. ഉയർന്നുവന്ന പരാതികളെല്ലാം തീർക്കുകയും സാധ്യമായതിനെല്ലാം പരിഹാരമുണ്ടാക്കുകയും ചെയ്യും. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

എന്നാൽ, ദുരന്ത ബാധിതരെ സർക്കാർ അവഗണിക്കുകയാണെന്നും അവർക്ക് സഹായം നൽകാതെ സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയുമായിരുന്ന പ്രശ്‌നങ്ങള്‍ ചുവപ്പുനാടയില്‍ കുരുക്കി തീരുമാനം എടുക്കാതെയിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

നോട്ടീസ്‌ അവതരിപ്പിച്ച ടി. സിദ്ദീഖും വാക്കൗട്ട്‌ പ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനും പുനരധിവാസ കാര്യത്തിൽ കേന്ദ്ര സർക്കാർ കടുത്ത അവഗണനയാണ്‌ കാട്ടുന്നതെന്ന നിലപാടിനോട്‌ യോജിച്ചു. ഏക്കര്‍ കണക്കിന് ഭൂമി ഉണ്ടായിരുന്നവര്‍ക്ക് വെറും 7 സെന്‍റ് നല്‍കുന്ന തീരുമാനം സര്‍ക്കാര്‍ തിരുത്തി കുറഞ്ഞത് 10 സെന്‍റ് നല്‍കണം- സിദ്ധിഖ് പറഞ്ഞു.

ദുരന്തമുണ്ടാകുമ്പോൾ കേന്ദ്രം കാവൽ മാലാഖയാകേണ്ടതിനു പകരം ചെകുത്താനായി അവതരിക്കുന്ന സ്ഥിതിയാണുണ്ടായതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ദുരന്തം നടന്ന്‌ 5 മാസം കഴിഞ്ഞാണ്‌ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത്‌. കേസ്‌ ഉണ്ടായിരുന്നില്ലെങ്കിൽ ഇതിനകം വീടുകൾ പകുതിയോളം പൂർത്തിയാകുമായിരുന്നു. ദുരന്തബാധിതർക്ക്‌ തുടർചികിത്സ എത്രകാലം വേണ്ടിവന്നാലും ചെലവ്‌ പൂർണമായും സർക്കാർ വഹിക്കും. ഏതെങ്കിലും വിധത്തിൽ നഷ്ടമുണ്ടായ ഒരാളെയും സർക്കാർ ഒഴിവാക്കില്ല. മരണ സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യാൻ നടപടിയെടുക്കും. മന്ത്രിയുടെ മറുപടിയെ തുടർന്ന്‌ അടിയന്തര പ്രമേയത്തിന് സ്‌പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി