പൊലീസുകാരന്‍റെ കൊലപാതകത്തിൽ 22 പേർ കുറ്റക്കാർ
സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിനു ശേഷം വിധി. പൊലീസ് കോൺസ്റ്റബിളായ കെ.വി. വിനോദിനെ കൊലപ്പെടുത്തിയ കേസിൽ മരിച്ച രണ്ടാം പ്രതി അശോകൻ മാത്രമാണ് കുറ്റക്കാരൻ. കേസിൽ ഗീതാനന്ദൻ അടക്കം 56 പ്രതികളേയും വെറുതെവിട്ടു. വിനോദിനെ വെട്ടിയത് അശോകനാണ്. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിച്ചില്ല. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.
2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായുണ്ടായ സംഘർഷത്തിലാണ് പൊലീസ് കോൺസ്റ്റബിളായിരുന്ന കെ.വി. വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. സംഘർഷത്തിനിടെ പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു.
പൊലീസുകാരനായ സലാമിനെ ആക്രമിച്ച കേസിൽ എം. ഗീതാനന്ദൻ കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തി. 23 മുതൽ 57 വരെയുള്ള പ്രതികൾ നിരപരാധികളാണെന്ന് കണ്ടെത്തി. വിനോദ് വധത്തിൽ ഗൂഢാലോചനയും തെളിഞ്ഞില്ല.
എം. ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസിൽ ആകെ 57 പ്രതികളാണുള്ളത്. ഇതിൽ 13 പേർ മരിച്ചു. ഒരാളെ കാണാനില്ല. ഫോറസ്റ്റർ ശശിധരനെ മാരകമായി പരുക്കേൽപ്പിച്ചു, വനത്തിൽ അതിക്രമിച്ചുകയറൽ, കുറ്റകരമായ ഗൂഢാലോചന, പൊലീസുകാരെ പരുക്കേൽപ്പിക്കൽ തുടങ്ങി 13 കുറ്റങ്ങൾ ഉൾപ്പെടുത്തി ഒറ്റ കേസാക്കിയതാണു കുറ്റപത്രം. പ്രതികളെ ഹാജരാക്കുന്നതിലും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിലും മരിച്ചവരുടെ വിവരങ്ങൾ ഉറപ്പു വരുത്തുന്നതിലുമുണ്ടായ കാലതാമസം മൂലമാണ് കേസ് നീണ്ടുപോയത്.