എൻ. സുബ്രമണ്യൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ‍്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ‍്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് നിൽക്കുന്ന എഐ ചിത്രം പങ്കുവച്ച സംഭവത്തിൽ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രമണ‍്യനെ തിങ്കളാഴ്ച പൊലീസ് വീണ്ടും ചോദ‍്യം ചെയ്യും. ചേവായൂർ പൊലീസാണ് സുബ്രമണ‍്യനെ ചോദ‍്യം ചെയ്യുക.
നേരത്തെ കേസുമായി ബന്ധപ്പെട്ട് സുബ്രമണ‍്യനെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ‍്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. ഇയാളുടെ മൊബൈൽ ഫോണുകൾ പരിശോധനയ്ക്കു വേണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ എൻ. സുബ്രമണ്യൻ പോസ്റ്റിട്ടത്.
പിന്നാലെ ചിത്രം എഐ ആണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തി. പിന്നാലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തത്.