എറണാകുളത്തെ മൂന്നര വയസുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും; റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മിഷൻ
പ്രതിയായ സന്ധ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങൾ
കൊച്ചി: എറണാകുളത്തെ മൂന്നര വയസുകാരിയുടെ കൊലപാതകവും ലൈംഗിക പീഡനവും സംബന്ധിച്ച കേസിൽ ദേശീയ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി. സ്വീകരിച്ച നടപടികളെ സംബന്ധിച്ച് മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഡിജിപിക്ക് വനിതാ കമ്മിഷൻ അധ്യക്ഷ രാഹാത്കാർ കത്തയച്ചു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു കൊലപാതകം. അമ്മ സന്ധ്യ തിങ്കളാഴ്ച 3.30ഓടെ കല്യാണിയെ അങ്കണവാടിയിൽ നിന്ന് വിളിച്ച് 35ലേറെ കിലോമീറ്റർ ദൂരത്തുള്ള തന്‍റെ നാട്ടിലേക്ക് ബസിൽ കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്ന് മൂഴിക്കുളത്ത് വച്ച് ചാലക്കുടിപ്പുഴയിലേക്ക് പാലത്തിൽ നിന്നു വലിച്ചെറിയുകയായിരുന്നു. തുടർന്ന് അവർ ഓട്ടൊയിൽ കയറി ഒന്നര കിലോമീറ്റർ അപ്പുറമുള്ള വീട്ടിലേക്കു പോവുകയും ചെയ്തു.
സന്ധ്യ കുട്ടിയുമായി പാലത്തിലേക്കു പോകുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു ലഭിച്ചിരുന്നു. തുടർന്നു പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സും സ്കൂബാ ടീം അംഗങ്ങളും നടന്ന വിപുലമായ തെരച്ചിലിൽ ചൊവ്വാഴ്ച പുലര്‍ച്ചെ 2.20 ഓടെ മൂഴിക്കുളം പാലത്തിന്‍റെ മൂന്നാമത്തെ തൂണിന്‍റെ പരിസരത്ത് നിന്നു കല്യാണിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു.
പിന്നാലെ എത്തിയ കുഞ്ഞിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. കുട്ടി നിരവധി തവണ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു റിപ്പോർട്ടിലെ കണ്ടെത്തൽ. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനു പോലും ഇരയായതായി ഡോക്‌ടർമാർ അറിയിച്ചു.
തുടർന്ന് പൊലീസ് കുട്ടി താമസിച്ചിരുന്ന അച്ഛന്‍റെ വീട്ടിലെ ബന്ധുക്കളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ നിന്നാണ് പൊലീസിന് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ കുറിച്ച് സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള ചില വിവരങ്ങൾ ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച ചോദ്യെ ചെയ്യലിൽ കുട്ടിയുടെ സഹോദരൻ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വർഷത്തോളമാണ് ക്രൂര പീഡനം നടത്തിയെന്നാണ് വിവരം. ഇയാളെ പൊലീസ് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.