തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കൽ താൽക്കാലികമായി നിർത്തിവച്ചു. ബന്ധുക്കളുടെ ഭാഗംകൂടി കേൾക്കുമെന്നും അതിനുശേഷം മാത്രം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സബ്‌കളക്‌ടർ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തിയാണ് തീരുമാനം. ഇതോടെ കല്ലറ പൊളിക്കാനുള്ള നടപടികൾ ഇന്നത്തേക്ക് നിറുത്തിവച്ചു.
അതേസമയം, കല്ലറ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ സമാധി തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം വ്യക്തമാക്കി. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും ക്ഷേത്രത്തിന്‍റെ ഭരണം പിടിച്ചെടുക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പരാതി ഉയർന്നതെന്നു കുടുംബം ആരോപിക്കുന്നു.
അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം കളക്ടർക്ക് സമർപ്പിച്ചിരുന്നു. ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുൾപ്പടെയുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.