"എസ്‌ഡിപിഐ പിന്തുണയിൽ ഭരണം വേണ്ട"; സത്യപ്രതിജ്ഞയ്ക്കു പിന്നാലെ രാജി വച്ച് യുഡിഎഫ് പ്രതിനിധി
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ അധികാരത്തിലേറിയ ഉടൻ രാജി വച്ച് യുഡിഎഫ് പ്രസിഡന്‍റ്. പത്തനംതിട്ടയിലെ കോട്ടാങ്ങലിൽ ആണ് എസ്ഡിപിഐ പിന്തുണച്ചതിനാൽ പ്രസിഡന്‍റ് പദത്തിലെത്തിയ കെ.വി. ശ്രീദേവി രാജി നൽകിയത്. യുഡിഎഫിന്‍റെ അഞ്ചും എസ്ഡിപിഐയുടെ മൂന്നും വോട്ടുകൾ നേടിയാണ് ശ്രീദേവി പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബിജെപി സ്ഥാനാർഥിക്ക് 5 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ എസ്ഡിപിഐ പിന്തുണയോടെ ഭരണത്തിലേറരുതെന്ന് പാർട്ടി നേതൃത്വം കർശന നിലപാടെടുത്തതോടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ തന്നെ ശ്രീദേവി രാജി വയ്ക്കുകയായിരുന്നു.
ഇനി ടോസിൽ ഭാഗ്യം പിന്തുണയ്ക്കുകയാണെങ്കിൽ മാത്രമേ അധികാരത്തിലേറൂ എന്നാണ് യുഡിഎഫിന്‍റെ നിലപാട്. ബിജെപിയെ പരാജയപ്പെടുത്തുന്നതിനു വേണ്ടിയാമ് യുഡിഎഫിന് പിന്തുണ നൽകിയതെന്നും പിന്തുണ സ്വീകരിച്ച ശേഷം രാജി വയ്ക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും എസ്ഡിപിഐ പ്രതിനിധികൾ ആരോപിച്ചു.