ഓണത്തിന് മിനുക്കം ഓവറാക്കണ്ട.

 
Kerala

ഓണത്തിന് ഓവറായാൽ പിടിവീഴും

ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്‍റ് ഡ്രൈവ് കൂടുതൽ ശക്തമാക്കും

Thiruvananthapuram Bureau

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്‍റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക്‌സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല, ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക്‌സൈസ് മന്ത്രി എം. ലിജു. എക്‌സൈസ് ആസ്ഥാനത്ത് നടത്തിയ ഉന്നതതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എൻഫോഴ്സ്മെന്‍റ് സംവിധാനം ആധുനികീകരിക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി കണ്ടെത്തുന്നതിനായി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നാർക്കോട്ടിക് ഡ്രഗ്‌സ് ഡിറ്റക്ഷൻ കിറ്റുകളും ബിഎസ്എൻഎൽ സിം കാർഡുകളും മന്ത്രി വിതരണം ചെയ്തു.

ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്‍റ് ഡ്രൈവ് മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും യോഗം വിശദമായി വിലയിരുത്തി. അനധികൃത മദ്യനിർമാണം, കടത്ത്, മയക്കുമരുന്ന് വിതരണം എന്നിവ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.മയക്കുമരുന്ന് കണ്ടെത്തുന്നതിനായി മൂന്ന് തരത്തിലുള്ള ആധുനിക ഡിറ്റക്ഷൻ സംവിധാനങ്ങൾ സേനയ്ക്ക് ലഭ്യമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ലഹരിവസ്തുവിന്‍റെ സ്വഭാവം തിരിച്ചറിയുന്ന സബ്സ്റ്റൻസ് ഐഡന്‍റിഫിക്കേഷൻ കിറ്റ്, കെറ്റാമിൻ ഉൾപ്പെടുന്ന ലഹരിവസ്തുക്കളുടെ സാന്നിധ്യം വേഗത്തിൽ തിരിച്ചറിയാനുള്ള പരിശോധനാ കിറ്റുകൾ, ഉമിനീരിൽ നിന്നുതന്നെ മയക്കുമരുന്നിന്‍റെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന പരിശോധനാ കിറ്റുകൾ എന്നിവയാണ് നിലവിൽ ലഭ്യമാക്കുന്നത്.

സംസ്ഥാനത്തെ എക്‌സൈസ് റേഞ്ച് ഓഫിസുകളെ മാതൃകാ ഓഫിസുകളാക്കി മാറ്റും. എക്‌സൈസ് സേനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ 41 പുതിയ വാഹനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി. സംസ്ഥാന എക്‌സൈസ് കെമിക്കൽ ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇതിനായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ലഹരി ഉപയോഗത്തിൽ നിന്ന് മോചിതരാകുന്നവരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ ഫണ്ട് ഉൾപ്പെടെയുള്ള ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

സംസ്ഥാനത്തെ 14 ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലെ സൈക്യാട്രിസ്റ്റുമാരുടെ അഭാവം പരിഹരിക്കുന്നതിന് ആവശ്യമായ തുക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന് സമർപ്പിക്കുമെന്നും ഡി-അഡിക്ഷൻ സേവനങ്ങൾ താലൂക്ക് തലത്തിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സർക്കാർ, സ്വകാര്യ, സന്നദ്ധ പുനരധിവാസ കേന്ദ്രങ്ങളുമായി സഹകരണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്‍റർനെറ്റുമായി കെ-ഫോൺ

ഇനി സമാധാന ചർച്ചകൾക്കില്ല : ഇറാൻ

അജിത് കുമാർ ഇപ്പോൾ ഡിജിപി ആകണ്ട! സസ്പെൻഷന് സ്റ്റേ ഇല്ല

'ദുരഭിമാനക്കൊലയ്ക്ക് സാധ്യത': കുംഭമേള വൈറൽ പെൺകുട്ടിയെ കൈമാറരുത്

കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകാൻ യോഗ്യനെന്ന് കോടതി