ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിയമ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്' സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ഉടൻ തന്നെ മന്ത്രി രമേശ് ചെന്നിത്തല പൊലീസ് ആസ്ഥാനത്തുവച്ച് ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയായ ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി മാഫിയകൾക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് കേരള പൊലീസ് ലക്ഷ്യമിടുന്നത്.
ഇതിനായി സർക്കാരിന്‍റെ വിവിധ വകുപ്പുകളുടെ ഏകോപനം ആഭ്യന്തര വകുപ്പ് നിർവഹിക്കും. സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സ്‌കൂൾ തലത്തിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കിയും ലഹരി മാഫിയയിൽ നിന്ന് സ്വത്തുക്കൾ കണ്ടുകെട്ടിയും ലഹരിക്കെതിരായ പോരാട്ടത്തെ ഒരു ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ കണ്ടെത്താനുള്ള നടപടികൾ ഓപ്പറേഷൻ തൂഫാനിലൂടെ സ്വീകരിക്കും.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, ഉറവിടങ്ങൾ, പ്രചാരകർ എല്ലാം കർശന നിരീക്ഷണത്തിലാക്കും. അന്തർസംസ്ഥാന ലഹരി മാഫിയകൾ ക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.
കെമിക്കൽ, സിന്തറ്റിക് നാർക്കോട്ടിക്‌സ്, ഹൈബ്രിഡ് ഗഞ്ച എന്നിവയുടെ ഒഴുക്ക് തടയാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സ്‌കൂൾ പരിസരങ്ങളിലെ പുകയില വിൽപനയ്ക്കും ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ എന്നിവിടങ്ങളിലെ ലഹരി ഉപയോഗത്തിനും വിൽപനയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കും.
തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി കെ. മുരളീധരൻ, വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ, എക്‌സൈസ് മന്ത്രി എം. ലിജു, ഗതാഗത മന്ത്രി സി.പി. ജോൺ, സംസ്ഥാന പൊലീസ് മേധാവി റവദ ആസാദ് ചന്ദ്രശേഖർ, എഡിജിപി എച്ച്. വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുക്കും.