മുഖ‍്യമന്ത്രി വി.ഡി. സതീശൻ

 
Kerala

ഓപ്പറേഷൻ തൂഫാൻ: കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് വി.ഡി. സതീശന്‍റെ കത്ത്

നിരവധി അന്തര്‍സംസ്ഥാന, അന്തര്‍ദേശീയ മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് വ്യാപനത്തില്‍ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനും കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്‍റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകള്‍ തകര്‍ക്കുകയും അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് കടത്ത് ശൃംഖലകള്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അവയെ ഫലപ്രദമായി നേരിടുന്നതിന് അയല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപിത പ്രവര്‍ത്തനം അനിവാര്യമാണ്. കേരളവും കര്‍ണാടകയും, തമിഴ്‌നാടും, പുതുച്ചേരിയും തമ്മിലുള്ള അതിര്‍ത്തി മേഖലകള്‍, പ്രധാന റോഡ് ഇടനാഴികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിദ്യാര്‍ഥി ശൃംഖലകള്‍, നഗര വിതരണ കേന്ദ്രങ്ങള്‍ എന്നിവ മയക്കുമരുന്ന് മാഫിയകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള മേഖലകളാണ്.

നിരവധി അന്തര്‍സംസ്ഥാന, അന്തര്‍ദേശീയ മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതിന് തത്സമയ വിവര കൈമാറ്റം, സംയുക്ത ഓപ്പറേഷനുകള്‍, ഏകോപിത ആസൂത്രണം എന്നിവ അനിവാര്യമാണ്.

ഇതിന്‍റെ ഭാഗമായി കേരളം, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരേ സംയുക്ത പ്രവര്‍ത്തന പദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ അഭ്യര്‍ഥിച്ചു.

ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംസ്ഥാന പൊലീസ് മേധാവി റവത ചന്ദ്രശേഖര്‍, ടാക്ടിക്കല്‍ കമാന്‍ഡര്‍ പുട്ട വിക്രമാദിത്യ എന്നിവര്‍ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

'വീര‍്യം കുറഞ്ഞ മദ‍്യം, വീര‍്യം കെട്ട നയം'; സമസ്ത മുഖപത്രത്തിൽ രൂക്ഷ വിമർശനം

അനധികൃത കുടിയേറ്റം: പശ്ചിമ ബംഗാളിൽ 10,000 ത്തിലേറെ പേരെ ബംഗ്ലാദേശിലേക്ക് മടക്കി അയച്ചെന്ന് മുഖ്യമന്ത്രി

കോഗോ കോട്ട തകർത്ത് കൊളംബിയ നോക്കൗട്ട് റൗണ്ടിൽ

റോഡ് അപകടങ്ങളുടെ യഥാർഥ കാരണം കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണ സംഘം; പുതിയ നീക്കവുമായി ഗതാഗത വകുപ്പ്