

ഗുജറാത്ത് സെക്രട്ടേറിയറ്റിൽ തീപിടിത്തം; റെക്കോഡ് റൂം കത്തി നശിച്ചു
ഗാന്ധിനഗർ: ഗുജറാത്ത് സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ അഗ്നിബാധ. തിങ്കളാഴ്ച രാവിലെയോടെയാണ് ഗാന്ധിനഗറിൽ ഉള്ള കെട്ടിടത്തിൽ തീ പടർന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല. എന്നാൽ താഴത്തെ നിലയിൽ സജ്ജീകരിച്ചിരുന്ന റെക്കോഡ് റൂം പൂർണമായും കത്തി നശിച്ചതായാണ് റിപ്പോർട്ട്. 7.50നാണ് കെട്ടിടത്തിന് തീ പിടിച്ചതായി വിവരം ലഭിച്ചത്.
തുടർന്ന് അഗ്നിശമന സേനയുടെ സഹായത്തോടെ 9 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിൽ എന്തു മാത്രം നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് ഇപ്പോൾ വ്യക്തമല്ല.
തീ അണഞ്ഞുവെങ്കിലും കെട്ടിടത്തിൽ ഇപ്പോഴും കനത്ത പുകയാണ്. പുക ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. തീ പിടിത്തത്തിനെ കാരണം വ്യക്തമല്ല.