രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മമ്മൂട്ടി പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങുന്നു.
ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിൽ 2026ലെ രണ്ടാമത് പരമോന്നത സിവിലിയൻ ബഹുമതികൾ സമ്മാനിച്ച രണ്ടാം ഘട്ട ചടങ്ങിൽ മമ്മൂട്ടിയടക്കമുള്ളവരുടെ സാന്നിധ്യത്തിൽ മലയാളികളുടെ തിളക്കം. കേരളത്തിൽ നിന്നും 5 പേരാണ് ഇന്നലെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങിയത്.
സുപ്രീം കോടതി മുൻ ജഡ്ജിയും രാജ്യത്തെ ഏറ്റവും മികച്ച നിയമജ്ഞരിലൊരാളുമായ കെ.ടി. തോമസ്, എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ജന്മഭൂമി ദിനപത്രത്തിന്‍റെ സഹ സ്ഥാപകനും മുൻ മുഖ്യ പത്രാധിപരുമായ പി. നാരായണൻ എന്നിവരെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നൽകിയാണ് ആദരിച്ചത്.
5 പതിറ്റാണ്ടു നീണ്ട അഭിനയപാടവത്തിനുള്ള ആദരമായി മമ്മൂട്ടിക്കും സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ നൽകിയ സംഭാവനകൾക്ക് ശ്രീ നാരായണ ധർമപരിപാലന യോഗം ജനറൽ സെക്രട്ടറിയും ശ്രീ നാരായണ ട്രസ്റ്റുകളുടെ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ സമ്മാനിച്ചു. മമ്മൂട്ടിക്ക് പദ്മശ്രീ പുരസ്കാരം 98ൽ ലഭിച്ചിരുന്നു. പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
മേയ് 25ന് നടന്ന ഒന്നാം ഘട്ട പുരസ്കാര സമർപ്പണ ചടങ്ങിൽ കേരളത്തിൽ നിന്നും രണ്ടു പേരാണ് ആദരം ഏറ്റുവാങ്ങിയത്- ശാസ്ത്ര മേഖലയിലെ സംഭാവനകൾക്ക് ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. എ.ഇ. മുത്തുനായകവും പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കായംകുളം കണ്ടല്ലൂർ കൊല്ലകൽ ദേവകിയമ്മയും. എറണാകുളത്തു ജനിച്ചതാണെങ്കിലും പ്രൊഫ. എൻ. രാജത്തെ യുപിയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ ഡീനും എമെരിറ്റസ് പ്രൊഫസറുമായിരുന്നു.
ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കർ ഓം ബിർള, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റു കേന്ദ്രമന്ത്രിമാർ, പ്രമുഖ വ്യക്തികൾ, മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ, മറ്റു കുടുംബാംഗങ്ങൾ, വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി, മകൻ തുഷാർ അടക്കം പുരസ്കാര ജേതാക്കളുടെ ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ചു.