തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ 6മുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഒഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂര്‍ എച്ച്പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണു തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു.
പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കത്തിലായിരുന്നു. "ചായ പൈസ' എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് സംഘടന അറിയിച്ചു.