മുഖ്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രഹ്‌മണ്യൻ കസ്റ്റഡിയിൽ
കോഴിക്കോട്: ശബരിമല സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് നിൽക്കുന്ന എഐ ചിത്രം നിർമിച്ച് പങ്കുവെച്ച കേസിൽ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യൻ കസ്റ്റഡിയിൽ. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്‌മണ്യൻ ഹാജരായിരുന്നില്ല. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബിഎൻഎസ് 122 വകുപ്പുകൾ പ്രകാരം കലാപാഹ്വാനത്തിനാണ് ചേവായൂർ പോലീസ് സുബ്രഹ്‌മണ്യനെതിരെ സ്വമേധയാ കേസെടുത്തത്. എന്നാൽ താൻ പങ്കുവെച്ച ചിത്രം വ്യാജമല്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സുബ്രഹ്‌മണ്യൻ. പോസ്റ്റ് പിൻവലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും സുബ്രഹ്‌മണ്യൻ പറഞ്ഞു. താൻ പങ്കുവെച്ചത് യഥാർഥ ചിത്രമാണെന്നും പ്രതിപക്ഷ പ്രവർത്തനത്തെ പ്രതിരോധിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും സുബ്രഹ്‌മണ്യൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയിൽ നിന്നുമെടുത്ത ചിത്രമാണ് താൻ പങ്കുവെച്ചതെന്നും സുബ്രഹ്‌മണ്യൻ വ്യക്തമാക്കി.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോകൾ എൻ. സുബ്രമണ്യൻ പോസ്റ്റിട്ടത്. പിന്നാലെ ചിത്രം എഐ ആണെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പടെയുള്ളവർ രംഗത്തെത്തി. പിന്നാലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തത്.