അക്ഷയ
തൃശൂർ: ഇടതു കൈയിലെ ചൂണ്ടു വിരലിൽ മുറിവേറ്റ് തുന്നിക്കെട്ടിയതിനാൽ യുവതിക്ക് വോട്ടനുവദിക്കാതെ പോളിങ് ഓഫിസർ. തൃശൂർ സ്വാമി ബോധാനന്ദ സ്കൂളിലെ ബൂത്തിലാണ് സംഭവം. കുട്ടിയുമായി എത്തിയ അക്ഷയ എന്ന യുവതിക്കാണ് വോട്ടു നിഷേധിച്ചത്. മിക്സിയിൽ പെട്ടതിനെത്തുടർന്നാണ് അക്ഷയയുടെ വിരലിന് പരുക്കേറ്റത്.
മഷി പുരട്ടേണ്ടത് ചൂണ്ടു വിരലിൽ ആണെന്ന് കാണിച്ചാണ് പ്രിസൈഡിങ് ഓഫിസർ വോട്ടു നിഷേധിച്ചത്. അക്ഷയ തിരിച്ചു പോയി മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായി എത്തിയിട്ടും വോട്ടു ചെയ്യാൻ അനുവദിച്ചില്ല. അതോടെ ബൂത്തിനു മുന്നിൽ കുട്ടിയുമായി അക്ഷയ കുത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ ഉൾപ്പെടെയുള്ളവർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പ്രിസൈഡിങ് ഓഫിസർ സമവായത്തിന് തയാറായില്ല.
ജില്ലാ കളക്റ്റർ വോട്ടു രേഖപ്പെടുത്താൻ അനുവദിക്കണമെന്നും മറ്റൊരു വിരലിൽ മഷി പുരട്ടണമെന്നും ആവശ്യപ്പെട്ടിട്ടും പ്രിസൈഡിങ് ഓഫിസർ അക്കാര്യം അംഗീകരിച്ചില്ല. മുറിവിലെ കെട്ടെ അഴിക്കാനാണ് ഓഫിസർ ആവശ്യപ്പെട്ടിരുന്നത്. 15 സ്റ്റിച്ചുകൾ ഉള്ളതിനാൽ അതു സാധ്യമല്ലെന്ന് അക്ഷയ അറിയിച്ചു. ഒടുവിൽ തെരഞ്ഞെടുപ്പു കമ്മിഷണറുടെ നിർദേശ പ്രകാരം സത്യവാങ്മൂലം എഴുതി വാങ്ങിയതിനു ശേഷമാണ് വോട്ടു രേഖപ്പെടുത്താൻ അനുവദിച്ചത്.