

സുപ്രീം കോടതി
file image
ന്യൂഡൽഹി: "പാറ്റ പരാമർശ വിവാദത്തെ' വൈകാരികമായി കാണേണ്ടതില്ലെന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികളിൽ അടിയന്തര വാദത്തിന് വിസമ്മതിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതേച്ചൊല്ലിയുള്ള രണ്ടു പൊതുതാത്പര്യ ഹർജികളും അതിന്‍റേതായ സമയത്ത് കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് അറിയിച്ചു. കോടതി മുറിയിലെ പരാമർശങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുന്നതും സമൂഹമാധ്യമത്തിലും മറ്റു പ്ലാറ്റ്ഫോമുകളിലും പ്രചരിപ്പിക്കുന്നതും തടയണമെന്നാവശ്യപ്പെട്ടാണ് ഒരു പൊതുതാത്പര്യ ഹർജി. ഓൺലൈനിൽ ഇപ്പോൾ നടക്കുന്ന ആക്ഷേപഹാസ്യ പാർട്ടി (കോക്രോച്ച് ജനതാ പാർട്ടി)യെക്കുറിച്ച് അന്വേഷിക്കണമെന്നാണു രണ്ടാമത്തെ ഹർജി.
തന്‍റെ പരാമർശങ്ങളിൽ ചീഫ് ജസ്റ്റിസ് വിശദീകരണം നൽകിയിട്ടും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതു തുടരുകയാണെന്ന് ഹർജിക്കാർ പറഞ്ഞു. എന്നാൽ, അത്ര വൈകാരികമായി കാണേണ്ടതില്ലെന്നു ചീഫ് ജസ്റ്റിസ് മറുപടി നൽകി. കഴിഞ്ഞ 15ന് ഒരു ഹർജി പരിഗണിക്കുന്നതിനിടെ തൊഴിൽ രഹിതരായ യുവാക്കൾ മാധ്യമപ്രവർത്തകരെന്നും സമൂഹമാധ്യമ ആർടിഐ ആക്റ്റിവിസ്റ്റുകളെന്നുമുള്ള വ്യാജേന പാറ്റകളെപ്പോലെ വ്യവസ്ഥിതിയെ ആക്രമിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരക്കാർ പരാന്നഭോജികളാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ, ചീഫ് ജസ്റ്റിസ് തൊഴിൽ രഹിതരെ പാറ്റകളെന്നു വിളിച്ചെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയരുകയായിരുന്നു.
വ്യാജ ബിരുദം ഉപയോഗിച്ച് നിയമരംഗത്തേക്ക് പ്രവേശിക്കുന്നവരെ ഉദ്ദേശിച്ച് നടത്തിയ തന്‍റെ പരാമർശത്തെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി തെറ്റായി ചിത്രീകരിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കി. എന്നാൽ വിവാദ പരാമർശം ഇന്ത്യയിലെ യുവാക്കളിൽ വളരെ പെട്ടെന്നാണ് ചലനം സൃഷ്ടിച്ചത്. കോക്രോച്ച് ജനതാ പാർട്ടി എന്ന പുതിയ പാർട്ടി ഉണ്ടാവുകയും സൈബറിടത്തിൽ പാർട്ടിക്ക് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുകയും ചെയ്തു.