പ്രതീകാത്മക ചിത്രം

 
Kerala

മഴക്കെടുതി: കേരളത്തിൽ മരണം 8 ആയി; എട്ട് പേരെ കാണാനില്ല; 5,792 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

12 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

Sarath Nath MS

തിരുവനന്തപുരം: കേരളത്തിൽ മഴക്കെടുതിയെ തുടർന്ന് എട്ടുപേർ മരിച്ചതായും എട്ട് പേരെ കാണാതായതായും 13 പേർക്ക് പരുക്കേറ്റതായും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും തകർന്നുവെന്നും 196 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചുവെന്നും 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും ഉപജീവനമാർഗവും നഷ്ടപ്പെട്ടവർക്കും സർക്കാർ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശനിയാഴ്ചയെ അപേക്ഷിച്ച് ഞായറാഴ്ച മഴ കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ഉൾപ്പെടെ ജനങ്ങൾ ജാഗ്രത തുടരണം. ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിലെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഓഗസ്റ്റ് മൂന്നിനും ആറിനും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് വടക്കൻ കേരള തീരത്ത് 2.7 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

ഞായറാഴ്ച രാവിലെ മഴ കുറഞ്ഞെങ്കിലും പത്തനംതിട്ട ജില്ലയിലെ റാന്നിയിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലും അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയായിരുന്നു. ഇതുമൂലം ജനങ്ങൾ ചെറുവള്ളങ്ങളാണ് യാത്രയ്ക്കായി ആശ്രയിച്ചത്.

ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ നിരവധി വൈദ്യുതോൽപാദന അണക്കെട്ടുകളിലെ ജലനിരപ്പ് റെഡ് അലർട്ട് പരിധിയിൽ തുടരുന്നതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

75,000ത്തിലധികം പുതിയ മുൻഗണന റേഷൻ കാർഡുകൾ തിങ്കളാഴ്ച വിതരണം ചെയ്യും

ബിജെപി കൗൺസിലർ സുഗതന് അവധി അനുവദിച്ച സർക്കുലർ; ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി കെ.എം. ഷാജി

ബംഗ്ലാദേശ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ തീരുമാനിക്കാൻ പ്രധാനമന്ത്രി താരിഖ് റഹ്മാനെ ചുമതലപ്പെടുത്തി ബിഎൻപി

ഇന്തോ-പാക് അതിർത്തിയിൽ ഡ്രോൺ വഴി കടത്താൻ ശ്രമിച്ച ഹെറോയിനും ആയുധങ്ങളും പിടികൂടി; ഒരാൾ അറസ്റ്റിൽ

ദുരന്ത നിവാരണ അഥോറിറ്റി ഉദ‍്യോഗസ്ഥരുടെ ശമ്പളം വർധിപ്പിച്ച് ഡൽഹി സർക്കാർ; 16 വർഷത്തിനിടെ ഇതാദ‍്യം