എംഎസ് സി എൽസ 3: മാനെജ്മെന്‍റിനെതിരേ അന്വേഷണ റിപ്പോർട്ട്

 
Kerala

കേരളത്തിന്‍റെ തീരത്ത് എംഎസ് സി എൽ-ത്രീ കണ്ടെയ്നർ മുങ്ങിയതിനു പിന്നിൽ മാനെജ്മെന്‍റിന്‍റെ ഗുരുതര പിഴവ്

അപകടകരമായ വസ്തുക്കൾ അടങ്ങിയ 13 എണ്ണമുൾപ്പടെ 643 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്.

Reena Varghese

തിരുവനന്തപുരം: കേരളത്തിന്‍റെ തീരത്ത് കണ്ടെയ്നർ കപ്പലായ എംഎസ് സി എൽ-ത്രീ മുങ്ങിയതിനു പിന്നിൽ കപ്പൽ മാനെജ്മെന്‍റിന്‍റെ ഭാഗത്തു നിന്നുമുണ്ടായ അതീവ ഗുരുതരമായ പിഴവുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്.

കൃത്യമായ അറ്റകുറ്റപ്പണികൾ ഇല്ലാത്തതും തകരാറിലായ ഉപകരണങ്ങളും പരിശീലനത്തിന്‍റെ അപര്യാപ്തതയും സുരക്ഷാ മേൽനോട്ടത്തിലെ വീഴ്ചകളുമാണ് ദുരന്ത കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തലുകൾ.

കപ്പലിലെ ജീവനക്കാർക്ക് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയെ എതിർത്ത് ഡയറക്റ്ററേറ്റ് ജനറൽ ഒഫ് ഷിപ്പിങിനു വേണ്ടി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്. അതേസമയം ചൊവ്വാഴ്ച കോടതി കപ്പലിലെ മൂന്നു ജീവനക്കാർക്ക് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാൻ അനുമതി നൽകി.

1997ൽ നിർമിച്ച ലൈബീരിയൻ കപ്പലായ എംഎസ് സി എൽസ 3, കഴിഞ്ഞ മേയ് 25 നാണ് വിഴിഞ്ഞത്തിനും കൊച്ചിക്കും ഇടയിൽ കേരള തീരത്ത് നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയത്. അപകടകരമായ വസ്തുക്കൾ അടങ്ങിയ 13 എണ്ണമുൾപ്പടെ 643 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ മുങ്ങിയത് കേരള-തമിഴ്നാട് തീരങ്ങളിൽ വൻ പാരിസ്ഥിതിക ആശങ്കകൾ ഉയർത്തിയിരുന്നു.

റിപ്പോർട്ട് അനുസരിച്ച് മേയ് 24 നാണ് കപ്പൽ ആദ്യമായി പ്രതിസന്ധിയിലാകുന്നത്. ബാലാസ്റ്റ് സംവിധാനത്തിൽ ഉണ്ടായ തകരാർ മൂലം കപ്പൽ ഒരു വശത്തേയ്ക്കു ചെരിയാൻ തുടങ്ങിയിരുന്നു. യാത്രയ്ക്കിടയിൽ പന്ത്രണ്ടു മണിക്കൂറിനുളളിൽ ഈ ചെരിവ് 27 ഡിഗ്രിയായി വർധിച്ചു.

ഡെക്കിലുണ്ടായിരുന്ന ചില കണ്ടെയ്നറുകൾ കടലിൽ വീഴുകയോ തള്ളിക്കളയുകയോ ചെയ്തു. വൈദ്യുതിയോ ചരിവ് പരിഹരിക്കാനുള്ള മാർഗങ്ങളോ ഇല്ലാതെ ഏതാണ്ട് 24 മണിക്കൂറോളം സ്ഥിതിഗതികൾ വഷളാകുകയും ഒടുവിൽ കപ്പൽ മുങ്ങുകയുമായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

പഴക്കം ചെന്ന ഈ കപ്പലിന് ആധുനിക കപ്പലുകളിൽ ഉള്ളതു പോലെയുള്ള സുരക്ഷാ മുൻകരുതലുകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലായിരുന്നു എന്ന് അന്വേഷണോദ്യോഗസ്ഥർ കണ്ടെത്തി. ബാലാസ്റ്റ് കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളുടെ റിപ്പയറുകൾ അപര്യാപ്തമായിരുന്നു.

ദീർഘകാലമായുള്ള സാങ്കേതിക തകരാറുകൾ ഈ കപ്പലിനുണ്ടായിരുന്നു- അന്വേഷണ സംഘം വ്യക്തമാക്കി. മുൻകാല പരിശോധനകളിൽ തകരാറിലാണെന്നു കണ്ടെത്തിയ പല ഘടകങ്ങളും മാറ്റി സ്ഥാപിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം

കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി രാജി വയ്ക്കും വരെ പിന്മാറില്ല; രാജ‍്യ വ‍്യാപക പ്രതിഷേധത്തിനൊരുങ്ങി പാറ്റകൾ

പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ‍്യോഗസ്ഥൻ വേണ്ട; വനംവകുപ്പ് പിആർഒയെ സ്ഥലം മാറ്റി മന്ത്രി ഷിബു ബേബി ജോൺ

ഷുഹൈബ് വധക്കേസ്: വിചാരണ നടപടികൾക്ക് സ്റ്റേ

പാക് അധീന കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരണം