V D Satheesan File photo
Kerala

മഴക്കെടുതി: പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാര പാക്കെജ്

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും പ്രകൃതിദുരന്തങ്ങളിലും മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പാക്കെജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മഴക്കെടുതികളിൽ ജീവനും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൂടുതൽ സഹായം നൽകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

മഴക്കെടുതികളിൽ ഇതുവരെ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരെക്കൂടി കാണാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപയുടെ നഷ്ടപരിഹാര പാക്കെജിന് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (SDRF) നിന്ന് 4 ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് 2 ലക്ഷം രൂപയും, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപയും ചേർത്താണ് ഈ തുക നൽകുന്നത്.

സംസ്ഥാനത്ത് 1,882 ഹെക്ടർ കൃഷിയിടത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് 23,537 കർഷകരെയാണ് ബാധിച്ചത്. കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്കുകൾ പ്രകാരം 67.44 കോടി രൂപയുടെ കാർഷിക നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അന്തിമ പരിശോധനയ്ക്ക് ശേഷം ഈ തുക ഇനിയും ഉയർന്നേക്കാം.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വീടുകൾ നഷ്ടപ്പെട്ട് മാറ്റിപ്പാർപ്പിക്കപ്പെട്ടവരെ സഹായിക്കാനായി സംസ്ഥാനത്ത് നിലവിൽ 462 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാംപുകളിലായി ആകെ 27,048 പേരാണ് കഴിയുന്നത്.

പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ ക്യാംപുകൾ പ്രവർത്തിക്കുന്നത് (157). കോട്ടയത്ത് 154 ക്യാംപുകളും ആലപ്പുഴയിൽ 81 ക്യാംപുകളും പ്രവർത്തിക്കുമ്പോൾ, മറ്റ് ജില്ലകളിൽ പത്തിൽ താഴെ ക്യാംപുകൾ മാത്രമാണുള്ളത്.

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്