കൊല്ലം പൂരത്തിൽ നവോത്ഥാന നായകർക്കൊപ്പം ഹെഡ്ഗേവാറിന്‍റെ ചിത്രവും; വിവാദം
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള കൊല്ലം പൂരത്തിൽ ആർഎസ്എസ് സ്ഥാപകന്‍റെ ചിത്രം ഉയർത്തിയത് വിവാദത്തിൽ. നവോത്ഥാന നായകർക്കൊപ്പമായിരുന്നു ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർന്നത്.
ചൊവ്വാഴ്ച നടന്ന കൊല്ലം പൂരത്തിന്‍റെ കുടമാറ്റത്തിലായിരുന്നു സംഭവം. ശ്രീനാരായണ ഗുരു, ബി.ആർ. അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, സ്വാമി വിവേകാനന്ദൻ, എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർന്നത്.
സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം ലംഘിച്ചാണ് സംഭവം.
നേരത്തെ കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗായകൻ അലോഷി സേവ‍്യർ വിപ്ലവ ഗാനങ്ങൾ ആലപിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനങ്ങൾക്കു പിന്നാലെ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു.
ഈ സംഭവത്തിന് പുറകെ കോട്ടുങ്കൽ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിലും ഗാനമേളക്കിടെ ആർഎസ്എസ് ഗണഗീതം ആലപിച്ചിരുന്നു. വിവാദമായതിനു പിന്നാലെ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുകയും ചെയ്തു.