Election
Election file
Kerala

2.77 കോടി വോട്ടര്‍മാര്‍, 25,000 ബൂത്തുകൾ; ജനവിധി കാത്ത് 1202 സ്ഥാനാര്‍ഥികൾ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഇന്ന്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. 2,77,49,159 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരിൽ 1,43,33,499 പേർ സ്ത്രീകളാണ്. ഇതിൽ 5,34,394 പേർ 18-19 പ്രായക്കാരായ കന്നി വോട്ടർമാർമാരാണ്. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്.‌ 1202 സ്ഥാനാര്‍ഥികളും 1.67 ലക്ഷം പോളിംഗ് ബൂത്തുകളുമാണ് രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിലുള്ളത്.

13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളിൽ വോട്ടെടുപ്പ് പ്രക്രിയകൾക്കായി 1,01,176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ അടക്കം 4 ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസിൽ താഴെയുള്ള യുവാക്കൾ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാർ നിയന്ത്രിക്കുന്ന 6 ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.

ഭിന്നശേഷി വോട്ടർമാർക്കായി ബൂത്തുകളിൽ റാമ്പും വീൽച്ചെയറുകളും സജ്ജമാക്കി. കാഴ്ച പരിമിതിയുള്ളവർക്കായി ബ്രെയിലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. കൂടാതെ ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടർമാർക്ക് യാത്രാസൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്റ്റർ ഓഫിസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. പ്രാഥമിക പരിശോധന, മൂന്ന്ഘട്ട റാൻഡമൈസേഷൻ, മോക്ക് പോളിങ് എന്നിവ പൂർത്തിയാക്കി കുറ്റമറ്റതെന്ന് ഉറപ്പാക്കിയാണ് വോട്ടിങ് യന്ത്രങ്ങൾ എത്തിച്ചിട്ടുള്ളത്. രാവിലെ 6ന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വീണ്ടും മോക്പോൾ നടത്തി സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കുക.

ബൂത്തുകൾ, വിതരണ കേന്ദ്രങ്ങൾ, സ്ട്രോങ് റൂമുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഒരുക്കാനും സുഗമമായ വോട്ടിങ് പ്രക്രിയ ഉറപ്പുവരുത്താനും 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും ബാക്കി 6 ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യ

അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി നെടുമ്പാശേരിയില്‍ പിടിയില്‍

സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ; പകർച്ചവ്യാധിക്കെതിരേ ജാഗ്രതാ നിർദേശം

ജൂൺ മൂന്നിന് സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി കൊച്ചിയിൽ നിർവഹിക്കും

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു