ഷാഫി പറമ്പിൽ
തിരുവനന്തപുരം: ആരോപണങ്ങളിൽ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി. അധിക്ഷേപ രാഷ്ട്രീയമാണോ സിപിഎമ്മിന്‍റെ 2026 ലെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്‍റെ ആരോപണങ്ങളോടാണ് ഷാഫിയുടെ പ്രതികരണം.
"അധിക്ഷേപ രാഷ്ട്രീയം മുറുകെ പിടിച്ചാണ് സിപിഎ മുന്നോട്ടു പോവുന്നത്. സിപിഎമ്മിന്‍റെ രാഷ്ട്രീയം ഇതാണ്. ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുക എന്നതാണ് സിപിഎം തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കി വച്ചിരിക്കുന്ന മാനിഫെസ്റ്റോ. ഇതിന് സിപിഎം നേതൃത്വം മറുപടി പറയണം. മറ്റൊന്നും പറഞ്ഞ് ജനങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റാത്തതുകൊണ്ടാണോ വ്യക്തിഹത്യയിലേക്ക് കടന്നത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ചർച്ചകളിലേക്ക് കടക്കാനാവും അവരുടെ പദ്ധതി. എന്തായാലും ജനം വിലയിരുത്തട്ടെ, കൃത്യമായ രാഷ്ട്രീയം സംസാരിച്ചും സർക്കാർ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാൻ ഞങ്ങൾക്കറിയാം. സ്വന്തമായി മെച്ചമൊന്നും പറയാനില്ലാത്തതിനാലാവാം വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. വർഗീയവാദിയാക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. അത് ഏശാഞ്ഞിട്ടാണ് വേറൊരു കാര്യം കൊണ്ടുവന്നത്." എന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഉടനെ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്‍റെ ആരോപണം.ഷാഫിയും രാഹുലും ഈ കാര്യത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണ്, സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്‍റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.