Man addicted to eating spoons and toothbrushes

35കാരന്‍റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 29 സ്റ്റീൽ സ്പൂണും 19 ടൂത്ത് ബ്രഷും

ദേഷ്യം വരുമ്പോൾ സ്പൂൺ വിഴുങ്ങും; 35കാരന്‍റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 29 സ്റ്റീൽ സ്പൂണും 19 ടൂത്ത് ബ്രഷും

മാനസികപ്രശ്നം നേരിട്ടിരുന്ന സച്ചിനെ വീട്ടുകാരാണ് ഡി അഡിക്ഷൻ സെന്‍ററിലാക്കിയത്.
Published on

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഡി അഡിക്ഷൻ സെന്‍ററിലെ അന്തേവാസിയായ 35കാരന്‍റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 29 സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ട് പേനകളും. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഹാപുർ സ്വദേശിയായ സച്ചിനെയാണ് അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി സ്പൂണുകൾ നീക്കം ചെയ്തത്. മാനസികപ്രശ്നം നേരിട്ടിരുന്ന സച്ചിനെ വീട്ടുകാരാണ് ഡി അഡിക്ഷൻ സെന്‍ററിലാക്കിയത്. ഡി അഡിക്ഷൻ സെന്‍ററിൽ വളരെ കുറഞ്ഞ അളവിലാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്.

പലപ്പോഴും കുറച്ചു പച്ചക്കറികളും രണ്ട് ചപ്പാത്തിയും മാത്രമാണ് നൽകിയിരുന്നത്. ഇതിൽ രോഷാകുലനായി സച്ചിൻ സ്പൂണുകൾ വിഴുങ്ങുന്നത് പതിവായിരുന്നു. ദിവസങ്ങൾക്കു ശേഷം കടുത്ത വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച സച്ചിനെ സ്കാനിങ്ങിന് വിധേയനാക്കിയപ്പോഴാണ് വയറ്റിൽ സ്പൂണും ബ്രഷും കണ്ടെത്തിയത്.

ആദ്യം എൻഡോസ്കോപ്പിയിലൂടെ ഇവ പുറത്തെടുക്കാനാണ് ഡോക്റ്റർമാർ നോക്കിയത്. എന്നാൽ ഇരുപതിലധികം സ്പൂണുകൾ കണ്ടതോടെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. മാനസികപ്രശ്നമുള്ളവരിൽ ഇത്തരം പെരുമാറ്റവും ശീലവും കണ്ടു വരാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.

logo
Metro Vaartha
www.metrovaartha.com