കൊല്ലം: കിടപ്പുമുറിയിൽ നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്ന് പരിഹസിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പൂജാമുറിയിൽ നരേന്ദ്രമോദിയുടെ ചിത്രം ഉണ്ടാകും എന്ന കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഗണേഷിന്റെ ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന് പൂജാമുറിയിലേക്ക് മാറിയത് നല്ല കാര്യമാണ്. ഒത്തിരി കുടുംബങ്ങൾക്ക് സമാധാനം ഉണ്ടാകും. ഞാൻ വർഗീയവാദിയാണെന്നുള്ള പരാമർശത്തിന് മറുപടി അർഹിക്കുന്നില്ല. ഞാൻ എന്താണെന്നുള്ളത് ഈ നാട്ടിലെ ജനങ്ങൾക്കറിയാം. എന്റെ പൈതൃകത്തിൽ നിന്നും ഇതുവരെ വ്യതിചലിച്ചു പോയിട്ടില്ല. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ഗണേഷ് കുമാർ അയാളുടെ പണി ചെയ്തു. മുഖ്യമന്ത്രി അത് ആസ്വദിച്ചു. അത്ര മാത്രമേ പറയാനുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ ഭക്തിയുള്ള ഒരാളുമായാണ് കൊല്ലത്ത് മുകേഷ് മത്സരിക്കുന്നത് എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം. പൂജാമുറിയിൽ ചിലപ്പോൾ മോദിയുടെ ചിത്രം ഉണ്ടാകുമെന്നും യുഡിഎഫ് സ്ഥാനാർഥി ആളുകളെ കബളിപ്പിക്കുകയാണെന്നും ഗണേഷ് കുമാർ വിമർശിച്ചിരുന്നു.