സ്വർണപ്പാളി: ദേവസ്വം ബോര്‍ഡ് പ്രതിരോധത്തില്‍

 
Kerala

സ്വർണപ്പാളി: ദേവസ്വം ബോര്‍ഡ് പ്രതിരോധത്തില്‍

അറ്റകുറ്റപ്പണികള്‍ക്ക് ചെന്നൈയിലെത്തിച്ചത് ചെമ്പായിരുന്നുവെന്ന വാദം പൊളിക്കുന്ന രേഖകള്‍ ഇന്നലെ പുറത്തുവന്നതും ബോര്‍ഡിന് തിരിച്ചടിയായി.

Megha Ramesh Chandran

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും പുറത്തെത്തിയതോടെ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് കൂടുതല്‍ പ്രതിരോധത്തില്‍.

യുബി ഗ്രൂപ്പ് ചെയര്‍മാനായിരുന്ന വിജയ് മല്യ 1998ല്‍ വഴിപാടായ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് വ്യക്തമാക്കണമെന്ന പ്രതിപക്ഷത്തിന്‍റേതുള്‍പ്പെടെയുള്ള ആവശ്യത്തോടും, 2019ല്‍ പാളികളില്‍ സ്വര്‍ണം പൂശിയതില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് ബോര്‍ഡ് കണ്ടെത്തിയിട്ടും അതേ സ്‌പോണ്‍സര്‍ക്ക് വീണ്ടും പാളികള്‍ സ്വര്‍ണം പൂശാന്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിലും വ്യക്തമായ മറുപടി നല്‍കാന്‍ ബോര്‍ഡിനായിട്ടില്ല.

അറ്റകുറ്റപ്പണികള്‍ക്ക് ചെന്നൈയിലെത്തിച്ചത് ചെമ്പായിരുന്നുവെന്ന വാദം പൊളിക്കുന്ന രേഖകള്‍ ഇന്നലെ പുറത്തുവന്നതും ബോര്‍ഡിന് തിരിച്ചടിയായി. വിവാദമായ ഈ വിഷയം വകുപ്പിനു കീഴിൽ തന്നെയുള്ള ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നതിലും പ്രതിഷേധം ഉയരുന്നു. പ്രതിപക്ഷവും ബിജെപിയും പ്രതിഷേധത്തിനൊരുങ്ങുമ്പോൾ ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തടിയൂരാനാണ് ബോര്‍ഡ് നീക്കം.

അതേസമയം ഇന്നലെ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. നേരത്തേ തിരുവനന്തപുരത്തും ബെംഗളൂരുവിലുമായി രണ്ടു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. വിശദീകരണങ്ങളില്‍ അവ്യക്തതയുണ്ടായ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

മാധ്യമങ്ങളോട് പ്രതികരിച്ച പോറ്റി തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. അറ്റകുറ്റപ്പണിക്ക് ചെമ്പ് തകിടുകളാണു തനിക്കു തന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകോവിലിന് പുതിയ വാതില്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടത് ദേവസ്വമാണെന്നും നിലവിലുള്ള വാതില്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് കാണിച്ചായിരുന്നു തന്നെ സമീപിച്ചതെന്നും അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്നാണ് നിര്‍മാണം ഏറ്റെടുത്തതെന്നും പോറ്റി വ്യക്തമാക്കി.

അഭിമാന നിമിഷമെന്ന് ലാൽ

അഭിനയ യാത്രയിൽ ലാൽ പകർത്തിയത് മലയാളിയുടെ ജീവിതം: മുഖ്യമന്ത്രി

ശബരിമല: ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്

ഫാസ്ടാഗില്ലാത്തവർക്ക് ആശ്വാസം; യുപിഐ ഉപയോഗിച്ചാൽ പിഴയിൽ ഇളവ്

സുബിൻ ഗാർഗിനെ വിഷം കൊടുത്ത് അപായപ്പെടുത്തിയെന്ന് ആരോപണം