തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല. മുൻ കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് പങ്കെടുക്കാനാവാത്തതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. സ്റ്റാലിന്‍റെ അഭാവത്തിൽ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സർക്കാർ വ്യക്തമാക്കി.
അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചതിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. ജനങ്ങളെ കബളിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഇക്കാലത്ത് സർക്കാർ അയ്യപ്പ സംഗമം നടത്തുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു. പിണറായിയും സ്റ്റാലിനും ഹിന്ദുക്കളോട് മാപ്പു പറഞ്ഞിട്ട് മാത്രമേ ശബരിമലയിൽ പ്രവേശിക്കാവൂ എന്നും മാപ്പു പറയാതെ സ്റ്റാലിനും മകൻ ഉദയനിധിയും കേരളത്തിലെത്തിയാൽ ബിജെപിയുടെ ഓരോ പ്രവർത്തകനും ഇതിനെതിരെ തെരുവിലിറങ്ങുമെന്നും ബിജെപി പ്രതികരിച്ചിരുന്നു.