വേണു.
തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ മരിച്ച ചവറ പന്മന മനയിൽ പൂജാ ഭവനിൽ കെ. വേണുവിന്‍റെ മരണത്തിൽ ചികിത്സാ പിഴവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്നും പ്രോട്ടോക്കോൾ പ്രകാരം ചികിത്സ നൽകിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കേസ് ഷീറ്റിൽ അപാകതകളില്ല. ചികിത്സാ വീഴ്ചയില്ലെന്ന് കാർഡിയോളജി വിഭാഗം ഡോക്റ്റർമാരും മൊഴി നൽകി. അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച ആരോഗ്യ മന്ത്രിക്ക് കൈമാറും. എന്നാൽ അന്വേഷണ സംഘം കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങൾ തേടിയില്ലെന്ന് വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞു.
കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവറായ വേണു (48) ആണ് ബുധനാഴ്ച രാത്രി മരിച്ചത്. അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടി വെള്ളിയാഴ്ചയാണ് വേണു മെഡിക്കല്‍ കോളെജിലെത്തിയത്. എന്നാല്‍ 5 ദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയിരുന്നില്ലെന്നും ചികിത്സാ പിഴവാണ് മരണകാരണമെന്നുമാണ് ഉയർന്ന പരാതി.
ഇത് സംബന്ധിച്ച് വേണുവിന്‍റെ ശബ്ദസന്ദേശം ബുധനാഴ്ച ഉച്ചയോടെയാണ് സുഹൃത്തിന് ലഭിച്ചിരുന്നു. രാത്രിയോടെ വേണു മരിച്ചു. താന്‍ മരിച്ചാല്‍ അതിനു കാരണം ആശുപത്രിയാണെന്ന് മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് അയച്ച ഈ സന്ദേശത്തിൽ വേണു പറയുന്നുണ്ടായിരുന്നു.