ടി.കെ. ഗോവിന്ദൻ | കെ.കെ. രാഗേഷ്
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പും ശേഷവുമുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണമെന്ന് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് രാഗേഷ് വയറിങ് തൊഴിലാളിയായിരുന്നെന്നും രാഗേഷ് കൂടുതൽ പറയിപ്പിക്കേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഗോവിന്ദന്‍റെ പ്രതികരണം.
"പാർട്ടിക്കൊപ്പം നിന്നസമയത്ത് പലതും ചർച്ചചെയ്തിട്ടുണ്ടാകും. പാർട്ടിയിൽനിന്ന് പോയതിന് ശേഷം അതെല്ലാം വിളിച്ചുപറയുന്നത് ഞങ്ങളുടെ രീതിയല്ല. എന്നാൽ, എന്നേക്കൊണ്ട് പറയിപ്പിക്കണമെന്ന് തീരുമാനിച്ച് ആരെങ്കിലും തുനിഞ്ഞ് ഇറങ്ങിയാൽ അവരേക്കുറിച്ച് ഞാൻ പറയും. എന്‍റെ കൈവശം അവരെ കുറിച്ചുള്ള കാര്യങ്ങളൊക്കെയുണ്ട്. അത് രാഷ്ട്രീയത്തെ മലീമസമാക്കും', ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ യാഥാർഥ ഉത്തരവാദി പാർട്ടി നേതൃത്വമാണ്. എന്നിട്ട് ജനങ്ങളുടെമേൽ കുറ്റം അടിച്ചേൽപ്പിക്കുന്നു. തെറ്റുപ്പറ്റിയെന്നും പിശകുകൾ തിരുത്താമെന്നും ജനങ്ങളോട് പറയുന്നതിന് പകരം ആളുകളെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ കണ്ടെത്തിയ ഒരു കാര്യവും മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.