

കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഉടമ സുഭാഷ് ജോർജ് മാനുവൽ ടീമിന്‍റെ സഹ ഉടമ ക്രിസ് ഗെയ്‌ലിനൊപ്പം.
File
തിരുവനന്തപുരം: പ്രവാസി വ്യവസായിയും കെസിഎൽ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ ഉടമയുമായ സുഭാഷ് ജോർജ് മാനുവൽ മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലിന് വക്കീൽ നോട്ടീസ് അയച്ചു. സാമ്പത്തിക-ബിസിനസ് ഇടപാടുകളില്‍ നിക്ഷേപകരെ വഞ്ചിച്ചുവെന്നും ക്രിപ്റ്റോ കറന്‍സിയിലൂടെ കോടികളുടെ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നും ആരോപിച്ച് വാർത്ത നൽകിയതിനെത്തുടർന്നാണ് നടപടി.
തനിക്കെതിരേ വസ്തുതാവിരുദ്ധവും വ്യാജവുമായ വാര്‍ത്ത നല്‍കിയെന്നാണ്, യുകെ ആസ്ഥാനമായി ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന സുഭാഷ് പറയുന്നത്. ചാനൽ സംപ്രേഷണം ചെയ്ത വ്യാജ വാര്‍ത്ത ഉടനടി പിന്‍വലിച്ച് പരസ്യമായി ക്ഷമാപണം നടത്തണമെന്നും, മാനനഷ്ടത്തിന് പരിഹാരമായി 10 കോടി രൂപ നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസിലെ പ്രധാന ആവശ്യങ്ങൾ. ഇത് അംഗീകരിക്കാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കുന്നു.
യാതൊരു അടിസ്ഥാനവുമില്ലാതെയും വസ്തുതകള്‍ അന്വേഷിച്ചറിയാതെയുമാണ് വാര്‍ത്ത സംപ്രേഷണം ചെയ്തതെന്നാണ് സുഭാഷ് ആരോപിക്കുന്നത്. വ്യാജ വാര്‍ത്ത മൂലം തന്‍റെ ബിസിനസ് സംരംഭങ്ങള്‍ക്കും സമൂഹത്തിലുള്ള വ്യക്തിപരമായ പ്രതിച്ഛായയ്ക്കും കനത്ത ആഘാതവും വലിയ സാമ്പത്തിക-മാനസിക നഷ്ടവും ഉണ്ടായെന്നും സുഭാഷ്.