തിരുവനന്തപുരം: വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ലോകാവസാനം വരെ ഒരു നിലപാട് തുടരണമെന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നയം മാറാം, ഉന്നത വിദ്യാഭ്യാസത്തിനായി വ്യാപകമായി കുട്ടികൾ വിദേശത്തേക്ക് പോകുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇതാണ് വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ പ്രധാന കാരണമാണെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം, മോദി ഏകാധിപതിയാണെന്നും ശിവൻകുട്ടി പറഞ്ഞു. ഏകാധിപതിമാരുടെ അവസാനം എങ്ങനെയാണെന്ന് നമുക്ക് അറിയാം. എതിരാളികളെ വകവരുത്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്. കേരളം പറയുന്ന കണക്ക് ശരിയാണെന്ന് ഒരിക്കലും ധനമന്ത്രി പറയാൻ പോകുന്നില്ല. ജനങ്ങളെ തെറ്റദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഡൽഹിയിലെ കേരളത്തിന്‍റെ സമരം ഇന്ത്യയാകെ ശ്രദ്ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.