"മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്, പിന്നാലെ ആർഎസ്എസ് കൂടിക്കാഴ്ചയും പൂരം കലക്കലും"; ആരോപണവുമായി സതീശൻ
file image
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന് ഇഡി നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ആർഎസ്എസ് നേതാവുമായി എഡിജിപി ആയിരുന്ന അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതും പിന്നീട് തൃശൂർ പൂരം കലക്കിയതെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മകന് ഇഡി നോട്ടീസ് ലഭിച്ച സംഭവം മുഖ്യമന്ത്രി എന്തിന് വർഷങ്ങളോളം മറച്ചു വെച്ചുവെന്നും സതീശൻ ചോദിക്കുന്നു.
നോട്ടീസ് നൽകിയതായി ഇഡിയും മുഖ്യമന്ത്രിയും രണ്ടു വർഷം മറച്ചു വെച്ചുവെന്നും ഇതെല്ലാം സെറ്റിൽമെന്‍റാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് അടിവരയിടുന്നതാണ്പുറത്തു വരുന്ന വിവരങ്ങൾ എന്നും സതീശൻ പറഞ്ഞു.
വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. കേസിൽ തുടർ നടപടികൾ എടുക്കാഞ്ഞതിന്‍റെ കാരണം ഇഡി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കളളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സമൻസ് അയച്ചതിന്‍റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. 2018 ലെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന കളളപ്പണം വെളുപ്പിക്കൽ, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ വിവേക് കിരണിനെ ചോദ്യം ചെയ്യാനാണ് ഇഡി സമൻസ് നൽകിയത്. 2023 ലാണ് വിവോക് കിരണിന് ഇഡി സമൻസ് അയച്ചത്.
ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുളള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവ സമർപ്പിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.