എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
കൊച്ചി: ഭാരതാംബ വിഷയത്തിൽ ഓരോരുത്തരുടെയും വിശ്വാസം അവരവരെ രക്ഷിക്കട്ടെയെന്നും വിഷയത്തിൽ എസ്എൻഡിപി യോഗത്തിനു പ്രത്യേക നിലപാടില്ലെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സൂംബ ഡാൻസിന്‍റെ കാര്യത്തിൽ മത വിദ്വേഷമുണ്ടാക്കാനാണുള്ള ശ്രമമാണ് നടക്കുന്നത്. എതിർക്കുന്നവർ പിന്മാറണം. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിനെ എസ്എൻഡിപി പിന്തുണയ്ക്കും. കേരളം മത സംസ്ഥാനമാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാകില്ല.
മസിൽ പവർ ഉണ്ടെന്ന് പറഞ്ഞ് അടിച്ചേൽപ്പിക്കുന്ന നയം ശരിയല്ല. ഈ നിലപാട് മതസൗഹാർദ്ദത്തിനു സഹായകരമല്ലെന്നും വെള്ളാപ്പള്ളി.
സർക്കാർ കൊണ്ടുവന്ന നല്ല കാര്യത്തെ സ്വാഗതം ചെയ്യുന്നതിനു പകരം എതിർക്കുന്നത് മാന്യമല്ല. എസ്എൻഡിപി യോഗം ഇത് ഹൃദയപൂർവം സ്വീകരിക്കുകയാണ്. ഒരു വിഭാഗത്തിന്‍റെ ആധിപത്യമാണ് ഇവിടെ എന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഈ എതിർപ്പെന്നും വെള്ളാപ്പള്ളി.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതുകൊണ്ട് തിരിച്ചു വരാമെന്ന യുഡിഎഫ് നിലപാടിൽ ഒരു കാര്യവുമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്യാപ്റ്റൻ വിവാദത്തോടെ കോൺഗ്രസിൽ ഐക്യമില്ലെന്ന് ജനം തിരിച്ചറിഞ്ഞു. ഗ്രൂപ്പ് കളിയുടെ ആശാന്മാരാണ് അവരെന്നും വെള്ളാപ്പള്ളി.