'മേയർ ആര‍്യ രാജി വയ്ക്കണം'; തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി യുവമോർച്ച, സംഘർഷം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര‍്യ രാജേന്ദ്രൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കോർപ്പറേഷനിലെ ശുചീകരണ ജീവനക്കാരുടെ നിയമനത്തിൽ അഴിമതി ആരോപിച്ചായിരുന്നു യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്.
കോർപ്പറേഷന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിന്മാറാൻ തയാറാകാതെ പ്രവർത്തകർ വീണ്ടും കോർപ്പറേഷനിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പൊലീസിനു നേരെ പ്രവർത്തകർ കല്ലുകളും കമ്പും വലിച്ചെറിഞ്ഞു. സ്ത്രീകൾ ഉൾപ്പെടയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.