കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിയുടെ നിർമാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു.
കളമശേരി: കളമശേരി നഗരസഭയിലെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതിയുടെ നിർമാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ദശകകളായി കളമശേരി നഗരസഭയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ മഴക്കാലത്ത് അനുഭവിച്ചിരുന്ന ദുരിതപൂർണമായ അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കുന്നതിന് വ്യവസായ മന്ത്രി പി.രാജീവിന്‍റെ നിർദേശപ്രകാരം ആവിഷ്കരിച്ച പദ്ധതിയാണിത്.
അമൃത് പദ്ധതിയിൽ നിർമിക്കുന്ന വാട്ടർ ടാങ്കിന്‍റെ നിർമാണ ഉദ്ഘാടനവും 2018ലെ പ്രളയത്തിൽ തകർന്ന മുട്ടാർ പാലത്തിന്‍റെ പുനർനിർമാണത്തിന്‍റെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ആലുവയിലെ നിർദിഷ്ട 190 എംഎൽഡി പദ്ധതി പൂർത്തിയാകുമ്പോൾ 40 എംഎൽഡി കുടിവെള്ളം കളമശേരിക്കു ലഭിക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. വ്യവസായ മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷനായി.
കനത്ത മഴയിൽ പൊട്ടച്ചാൽ തോടിന് സമീപമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് ദുരിതം വിതക്കുന്നത് പതിവാണ്. ഇത് പരിഹരിക്കുന്നതിനും ഈ ഭാഗത്തെ പ്രളയ - വെള്ളക്കെട്ട് സാധ്യതകൾ പൂർണമായി ഒഴിവാക്കുന്നതിനുമാണ് പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതി നടപ്പാക്കുന്നതെന്ന് പി. രാജീവ് പറഞ്ഞു.
കളമശേരി സഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. മന്ത്രി പി.രാജീവിന്‍റെ നിർദേശപ്രകാരം ജലവിഭവ വകുപ്പ് വാട്ടർ മാപ്പിങ് നടത്തിയിരുന്നു. ഇതിനു ശേഷം വിശദപഠനത്തിന്‍റെ അടിസ്ഥാനത്തിൽ പദ്ധതി റിപ്പോർട്ട് തയാറാക്കി.
പദ്ധതികൾ തുടർന്ന് ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്ന റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ പ്രത്യേക പരിഗണനയോടെ ഉൾപ്പെടുത്തിയാണ് പൊട്ടച്ചാൽ നവീകരണം നടപ്പാക്കുന്നതിനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ചതെന്ന് പി. രാജീവ് പറഞ്ഞു.
വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് ബോക്സ് കൽവർട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. കൽവർട്ടും പുനർനിർമിക്കും. കൈയേറ്റം മൂലം തോടിന്‍റെ വീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും നേരിയ നീർച്ചാലായി തോട് മാറി. മറ്റ് പല തോടുകളിൽ നിന്നുള്ള ജലം കൂടി ഒഴുകിയെത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. വർഷകാലത്ത് ജലമൊഴുക്ക് താങ്ങാനുള്ള ശേഷിയില്ലാത്തതിനാൽ പെട്ടെന്ന് വെള്ളക്കെട്ടിന് കാരണമാവുന്നതായി ജലവിഭവ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തി. ജനവാസ മേഖലകളായ പൊട്ടച്ചാൽ, കുസാറ്റ് തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കാൻ പദ്ധതിയിലൂടെ കഴിയും. 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതി 11.93 കോടി രൂപക്കാണ് നിർമാണക്കരാർ ഒപ്പുവച്ചത്. പദ്ധതി പൂർത്തിയാകുമ്പോൾ നഗരസഭാ പ്രദേശത്തെ വെള്ളക്കെട്ട് ഓർമകളിൽ മാത്രമാകും.
കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, ജില്ലാ വികസനസമിതി അംഗം ജമാൽ മണക്കാടൻ, വൈസ് ചെയർപേഴ്സൺ സൽമ അബൂബക്കർ, സ്ഥിരം സമിതി അധ്യക്ഷരായ ജെസി പീറ്റർ, അഞ്ജു മനോജ് മണി, എ.കെ നിഷാദ്, നഗരസഭാംഗങ്ങളായ ഷാജഹാൻ കടപ്പള്ളി, കെ. ടി. മനോജ്, അമ്പിളി സ്വപ്നേഷ്, വി.എൻ ദിലീപ് കുമാർ, വാണി ദേവി, സംഗീത രാജേഷ്, ബിന്ദു ഫ്രാൻസിസ്, അഡ്വ. സഹന എം സാംബുജി തുടങ്ങിയവർ പങ്കെടുത്തു.