Kochi, representative image 
Local

കൊച്ചി നഗരത്തിന്‍റെ മുഖം മാറ്റാൻ സൗന്ദര്യവത്കരണ പദ്ധതി

പൈതൃക സ്ഥലങ്ങളും ചുറ്റുപാടും സംരക്ഷിക്കുക, കാല്‍നടക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, പൊതു ഇടങ്ങളും വിനോദ കേന്ദ്രങ്ങളും വികസിപ്പിക്കുക, ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ

ജിബി സദാശിവന്‍

കൊച്ചി: നഗരത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റാന്‍ ഉദ്ദേശിച്ച് തയാറാക്കിയ സൗന്ദര്യവത്കരണ പദ്ധതി നടപ്പിലാക്കുന്നതിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ച് വിശാല കൊച്ചി വികസന അഥോറിറ്റി. എസ്പിവി രൂപീകരിക്കുന്നതിന്‍റെ ആദ്യപടിയായി ആര്‍ക്കിടെക്റ്റ്, അര്‍ബന്‍ ഡിസൈനര്‍, ലാന്‍ഡ്സ്കേപ്പ് ആര്‍ക്കിടെക്റ്റ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്പെഷ്യലിസ്റ്റ് എന്നിവരെ നിയമിക്കാനുള്ള നടപടികള്‍ ജിസിഡിഎ ആരംഭിച്ചു.

ഒരു മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് ജിസിഡിഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നഗരസൗന്ദര്യവത്കരണ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ ആറ് നഗരസഭകളുടെയും നിലവാരം ഉയര്‍ത്താനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്. പൈതൃക സ്ഥലങ്ങളും ചുറ്റുപാടും സംരക്ഷിക്കുക, കാല്‍നടയാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുക, പൊതു ഇടങ്ങളും വിനോദ കേന്ദ്രങ്ങളും വികസിപ്പിക്കുക, ശുചിത്വം ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

നഗരസഭകളാകും പദ്ധതി നടത്തിപ്പ് നിരീക്ഷിക്കാനുള്ള ചുമതലയുള്ള ഏജന്‍സികള്‍. സംയുക്ത സംരംഭമായും പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെയുമാകും പദ്ധതി നടപ്പാക്കുക. തദ്ദേശസ്വയംഭരണ മന്ത്രി അധ്യക്ഷനായുള്ള സംസ്ഥാനതല സമിതി പദ്ധതി നടത്തിപ്പ് ഏകോപിപ്പിക്കും. പദ്ധതി നടത്തിപ്പിനായി മാത്രം ഒരു പ്രൊഫഷണല്‍ യൂണിറ്റ് എസ്പിവിയുടെ ഭാഗമായുണ്ടാകും.

എന്നാല്‍, പദ്ധതി നടത്തിപ്പിനെ കുറിച്ച് ആശങ്കയും ഉയരുന്നുണ്ട്. ജിസിഡിഎ എസ്പിവി രൂപീകരിച്ചാലും നഗരസഭയ്ക്കായിരിക്കും പദ്ധതി നടപ്പാക്കാനുള്ള ചുമതല. ഇത് രണ്ടു അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്കയുമുണ്ട്. ജിസിഡിഎ ഉദ്യോഗസ്ഥരും നഗരസഭാ ജീവനക്കാരും ഒരേ മനസോടെ നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഏകോപനത്തോടെ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. എന്നാല്‍, പല പദ്ധതികളുടെയും നടത്തിപ്പുകള്‍ കണക്കിലെടുക്കുമ്പോള്‍ ഇതിനുള്ള സാദ്ധ്യതകള്‍ കാണുന്നുമില്ല. അതിനിടെ, പദ്ധതി നഗരസഭാ പരിധിക്കുള്ളില്‍ നിര്‍ത്താതെ വിശാല കൊച്ചി പരിധിയിലാകെ നടപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം യോഗ്യമാക്കുന്നത് വൈകും

'108' ആംബുലന്‍സ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പെന്ന് ചെന്നിത്തല

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജന. ആശുപത്രി വിവാദത്തിൽ

ജമ്മു പ്രളയം: മരണം 41 ആയി