കോട്ടയം: പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കാവുകണ്ടം കനങ്കൊമ്പിൽ റോയി (55) ഇയാളുടെ ഭാര്യ ജാൻസി (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോയിയുടെ മൃതദേഹം വീടിനു പിന്നിൽ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ മൃതദേഹം വീടിനുള്ളിലെ മുറിയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
മൂന്നാം ക്ലാസ് വിദ്യാർഥിയായ മകൻ സ്‌കൂളിൽ പോയ ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ മേലുകാവ് പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
ഇരുവരും സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇതേച്ചൊല്ലി വീട്ടിലുണ്ടായ വഴക്കിനൊടുവിലാണ് കൊലപാതകവും, ആത്മഹത്യയും നടന്നതെന്നാണ് സംശയം. പാലാ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.