അലി പടിഞ്ഞാറെച്ചാലില്‍

 
Local

സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി; കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്‍റ് രാജി വച്ചു

ഷിബു തെക്കുംപുറമാണ് കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി.

നീതു ചന്ദ്രൻ

കോതമംഗലം: കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്‍റ് അലി പടിഞ്ഞാറെച്ചാലില്‍ രാജിവെച്ചു. യുഡിഎഫ് സ്ഥാനാഥി നിര്‍ണയത്തിലെ അതൃപ്തിയും പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജി. എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവെച്ചതായി അലി അറിയിച്ചു. ഷിബു തെക്കുംപുറമാണ് കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥി.

കോണ്‍ഗ്രസിന്‍റെ കോട്ടയായ കോതമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിര്‍ത്താതെ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കിയതില്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ നിരാശരാണെന്നും ആത്മാർഥമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നും അലി പടിഞ്ഞാറെച്ചാലില്‍ പറഞ്ഞു. നേതൃസ്ഥാനത്തുനിന്ന് കൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തോട് സ്‌നേഹം മാത്രമേയുള്ളൂ, മറ്റൊരു പാര്‍ട്ടിയിലേക്കും താന്‍ പോകില്ലെന്നും അലി പടിഞ്ഞാറെച്ചാലില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് അറിയിച്ചത്.

സിപിഐഎമ്മിന്‍റെ കോട്ടയായ നെല്ലിക്കുഴി പഞ്ചായത്ത് നിരന്തരമായ സമരപോരാട്ടങ്ങളിലൂടെ പിടിച്ചെടുത്തതിന് ശേഷം 26 സീറ്റുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ 16 കോണ്‍ഗ്രസ് അംഗങ്ങള്‍ വിജയിച്ചുവന്നു. അതിനുശേഷം പാര്‍ട്ടിയുമായി യോജിച്ചുപോകാത്ത രീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അത് നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല.

കോണ്‍ഗ്രസിന്‍റെ കോട്ടയായ കോതമംഗലം നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി വേണമെന്ന ആവശ്യം സാധാരണക്കാരായ പ്രവര്‍ത്തകരും നേതാക്കളും ഉന്നയിച്ചിട്ടും അത് അംഗീകരിക്കാതെ ഘടകക്ഷിയായ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന നേതൃത്വം അമ്പേ പരാജയപ്പെട്ട രീതിയിലാണ് സ്ഥാനാർഥി നിര്‍ണയം നടന്നത്. ഇതിലെല്ലാം പ്രതിഷേധിച്ചാണ് രാജിയെന്നും അലി കൂട്ടിച്ചേർത്തു.

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ