ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് 1 മുതൽ 3 വരെ കുമരകത്ത്
കോട്ടയം: അമെരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക) കേരളാ കൺവൻഷൻ ഓഗസ്റ്റ് 1 മുതൽ 3 വരെ കോട്ടയം കുമരകം ഗോകുലം ഗ്രാന്‍റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ വച്ച് നടക്കും. 1ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫൊക്കാന പ്രസിഡന്‍റ് ഡോ. സജിമോൻ ആന്‍റണി അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, കെ. രാജൻ, റോഷി അഗസ്റ്റിൻ, എംപിമാരായ കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ രമേശ് ചെന്നിത്തല, റോജി എം. ജോൺ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഗോപിനാഥ് മുതുകാട്, കെ.വി. മോഹൻകുമാർ, ജോസ് പനച്ചിപ്പുറം, ഫാ. ഡേവിസ് ചിറമേൽ, ഷീബ അമീർ തുടങ്ങിയവർ പങ്കെടുക്കും.
ഫൊക്കാന ഈ വർഷം ഏർപ്പെടുത്തുന്ന ഇന്ത്യയിൽ വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള ഭാരത ശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിക്കും. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കെ.വി. മോഹൻകുമാറിനും നൽകും. ആരോഗ്യ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് ഡോ. ജോജോ ജോസഫ് (ക്യാൻസർ സർജൻ, കാരിത്താസ് ഹോസ്പിറ്റൽ), ഡോ. ജെറി മാത്യു എന്നിവർക്ക് ആരോഗ്യശ്രേഷ്‌ഠ പുരസ്‌കാരവും, ഫാ. ബിനു കുന്നത്തിന് (സിഇഒ & ഡയറക്‌റ്റർ, കാരിത്താസ് ഹോസ്‌പിറ്റൽ) കർമ്മശ്രേഷ്ഠ പുരസ്‌കാരവും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് കോട്ടയം നവജീവൻ മാനേജിങ് ട്രസ്റ്റി പി.യു. തോമസിന് കാരുണ്യശ്രേഷ്ഠ പുരസ്‌കാരവും, കോട്ടയം ലൂർദ് ഭവൻ മാനേജിങ് ട്രസ്റ്റി ജോസ് ആന്‍റണിക്ക് സേവനശ്രേഷ്ഠ പുരസ്‌കാരവും, മൂലൻ ഗ്രൂപ്പ് ചെയർമാൻ വർഗീസ് മൂലന് വാണിജ്യശ്രേഷ്ഠ പുരസ്‌കാരവും നൽകും. ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. മുഹമ്മദ് ഇല്ലിയാസ് സഹദുള്ള (കിംസ് ഹോസ്പിറ്റൽ), ബെസ്റ്റ് ഇൻസ്റ്റിറ്റ്യുഷൻ ഡോ. ഗീവർഗിസ് യോഹന്നാൻ (എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), ബിസിനസ് എക്സലൻസ് ഡോ. വിജു ജേക്കബ് (സിന്തൈറ്റ് ഇൻഡസ്ട്രിസ്) എന്നിവർക്കും പുരസ്‌കാരം സമ്മാനിക്കും.
സമ്മേളനത്തിന്‍റെ ആദ്യ ദിവസം ലഹരിക്കെതിരെയുള്ള വിളംബരത്തോടുകൂടി തുടങ്ങി മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിക്കും. രണ്ടാം ദിനം ഫൊക്കാനയും കേരള യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷയ്ക്ക് ഒരു ഡോളർ, സാഹിത്യ സമ്മേളനം, സാഹിത്യ അവാർഡുകൾ, സാംസ്‌കാരിക അവാർഡുകൾ, ബിസിനസ് സെമിനാറുകൾ, ബിസിനസ് അവാർഡുകൾ, വിമെൻസ് ഫോറം സെമിനാർ, വിമെൻസ് ഫോറം സ്കോളർഷിപ്പ് വിതരണം, നിരവധി ചാരിറ്റി പ്രവർത്തങ്ങളുടെ തുടക്കം, ഫൊക്കാനയുമായി സഹകരിച്ചു നടത്തുന്ന ലൈഫ് ആൻഡ് ലിമ്പ് ചാരിറ്റബിൾ സൊസൈറ്റിയുടെ കൃതൃമ കാല് വിതരണം, മാധ്യമ സെമിനാർ, ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്, മെഡിക്കൽ - പ്രിവിലേജ് കാർഡ് വിതരണം, മൈൽസ്റ്റോൺ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ചു നടത്തുന്ന ഫൊക്കാന സിം കേരള പ്രൊജക്റ്റിന്‍റെ സമാപനം തുടങ്ങി നിരവധി പരിപാടികൾ ഉൾപ്പെടുത്തിയാണ് രണ്ടാം ദിവസത്തെ പരിപാടികൾ.
മൂന്ന് ദിവസങ്ങളിലുമുള്ള കൾച്ചറൽ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നത് സിനിമാതാരവും ഡാൻസറുമായ സരയൂ മോഹൻ, ഒപ്പം ഡാൻസറും അവതാരികയും കൂടിയായ അമല റോസ് കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഡാൻസുകൾ, സിനിമ പിന്നണി ഗായകരായ ഏഷ്യാനെറ്റ് സ്റ്റാർസിംഗർ ജോബി, സിനിമ പിന്നണി ഗായകൻ അഭിജിത് കൊല്ലം, ഫ്ളവേഴ്‌സ് ടോപ് സിങർ മിയാകുട്ടി, പിന്നണി ഗായകനും മിമിക്രി താരവുമായ രാജേഷ് അടിമാലി തുടങ്ങിയവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. 2-ാം തീയതി രാവിലെ മുതൽ കേരളത്തിലെ മികച്ച കാർട്ടൂണിസ്റ്റുകളുടെ ലൈവ് കാരിക്കേച്ചറിങും ഉണ്ടായിരിക്കുമെന്ന്
ഫൊക്കാന പ്രസിഡന്‍റ് ഡോ. സജിമോൻ ആന്‍റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ (ഫൊക്കാന കേരള കൺവൻഷൻ ചെയർമാൻ), എക്സി. വൈസ് പ്രസിഡന്‍റ് പ്രവീൺ തോമസ്, കൺവൻഷൻ കോർഡിനേറ്റർ ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട്, വൈസ് പ്രസിഡന്‍റ് വിപിൻ രാജു, ജോയിന്‍റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്‍റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്‍റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡിഷണൽ ജോയിന്‍റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്‌സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, കേരള കൺവൻഷൻ ചെയർ ജോയി ഇട്ടൻ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.