ഭൂതത്താൻകെട്ടിൽ സർക്കാർ ഭൂമി കാട് കയറി നശിക്കുന്ന നിലയിൽ
ഭൂതത്താൻകെട്ടിൽ വ്യവസായ വകുപ്പിന്‍റെ സർക്കാർ ഭൂമി കാടുകയറി നശിക്കുന്നു. കോട്ടയം, വെളളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് കമ്പനിയുടെ ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളിൽ നിന്നും വാങ്ങിയ എട്ടേക്കറോളം സർക്കാർ ഭൂമിയാണ് കാടുകയറി നശിക്കുന്നത്. എച്ച്എൻഎൽ കമ്പനി സമീപകാലത്ത് സംസ്ഥാന സർക്കാർ വാങ്ങി. ഇതോടെയാണ് ഈ സ്ഥലം വ്യവസായ വകുപ്പിന്‍റെ അധീനതയിലായത്.
എന്നാൽ പിന്നീട് അധികാരികൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഇതോടെ കാടുമൂടി ഇവിടം ഇഴജന്തുക്കളുടെയും, കാട്ടുപന്നി ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെയും ആവാസകേന്ദ്രമായി. ഇവിടുത്തെ കെട്ടിടങ്ങൾ തകർന്നുകൊണ്ടിരിക്കുയാണ്. ഇരുമ്പ് സാധനങ്ങളുൾപ്പടെ വിലപിടിപ്പുള്ളവയെല്ലാം ആളുകൾ കടത്തികൊണ്ടുപോയി.
ന്യൂസ് പ്രിന്‍റ് കമ്പനിയിൽ പൾപ്പ് നിർമിക്കുന്നതിനാവശ്യമായ യൂക്കാലി, മാഞ്ചിയം, അക്വേഷ്യ എന്നിവ വളർത്താൻ കോട്ടപ്പാറ പ്ലാന്‍റേഷൻ എച്ച്എൻഎൽ പാട്ടത്തിനെടുത്തിരുന്നു.
ഇവിടേക്ക് ആവശ്യമായ തൈകൾ ഉത്പാദിപ്പിക്കുന്ന നഴ്‌സറിക്കായാണ് ഭൂതത്താൻകെട്ടിലെ സ്ഥലം ഉപയോഗിച്ചിരുന്നത്. അതോടൊപ്പം കമ്പനിയുടെ ഓഫീസും പ്രവർത്തിച്ചിരുന്നു. തൈ ഉത്പാദനം നിർത്തിയതോടെയാണ് ഇവിടെ കാടുകയറി നാശമായത്.